ramesh

തിരുവനന്തപുരം: സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ വന്നത് പോലെയാണ് മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരിഹാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുവൈറ്റിൽ പ്രതികരിച്ചു. ഇന്നലെ രാവിലെ മഞ്ചേശ്വരത്ത് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനമുയർത്തിയിരുന്നു. മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥിയെ അധിക്ഷേപിച്ചത് അല്പത്തരമാണെന്നും ഹിന്ദുവിന്റെ അട്ടിപ്പേറവകാശം പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് വയ്ക്കാൻ ആരാണ് അവകാശം നൽകിയതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

ഇതിന് മറുപടിയായി, നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള പിണറായി വിജയന്റെ മോഹമാണ് തകർന്നതെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി മെതിച്ചിട്ട് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വിശ്വാസികൾക്കൊപ്പമെന്ന പല്ലവിയാണ് സി.പി.എം നടത്തുന്നത്. എന്നാൽ യു.ഡി.എഫ് അന്നും ഇന്നും എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസ സംരക്ഷണം യു.ഡി.എഫിന്റെ അജൻഡയാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ സംഭവിച്ചത് യു.ഡി.എഫിനകത്തെ പ്രശ്നങ്ങളാണ്. അതൊന്നും മറ്റ് ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുമെന്ന് സി.പി.എം കരുതേണ്ട.

പതിനായിരം കോടിയുടെ വിദേശനിക്ഷേപം കേരളത്തിലേക്കെത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ്. മുമ്പ് പ്രളയ സഹായമായി വിദേശങ്ങളിൽ നിന്ന് എണ്ണായിരം കോടി കേരളത്തിലേക്കെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എത്ര വന്നുവെന്ന് കൂടി പറയണം. പതിനായിരം കോടിയുടെ നിക്ഷേപമെന്ന് പറഞ്ഞാൽ അത് ഏതൊക്കെയെന്ന് കൂടി വ്യക്തമാക്കണം. മ‌ടങ്ങിയെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ തൊഴിലെടുത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമുള്ളപ്പോൾ ലോക കേരള സഭ പോലെ നാട്ടുകാർക്കും പ്രവാസികൾക്കും ഒരു പ്രയോജനവുമില്ലാത്ത സർക്കാർ ധൂർത്തുകളോട് സഹകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.