നെയ്യാറ്റിൻകര: കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ വനത്തിലേക്ക് കൊണ്ടു പോയി ബന്ദിയാക്കി മോചന ദ്രവ്യം ആവശ്യപ്പെട്ട പ്രതികളെ പിടികൂടി. തൊഴുക്കൽ കടവംകോട് കോളനിയിൽ താമസിക്കുന്ന ലാലു എന്നു വിളിക്കുന്ന ശ്യാംകുമാർ (27), കോട്ടൂർ അയണിയറത്തല റോഡരുകത്ത് വീട്ടിൽ അപ്പുണ്ണി എന്നു വിളിക്കുന്ന ശോഭാലാൽ (19) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സചീന്ദ്രന്റെ നേതൃത്വത്തിൽ കോട്ടൂർ പ്രദേശത്തെ ഒരു കേസ് അന്വേഷിക്കാനെത്തിയതായിരുന്നു മൂന്നംഗ പൊലീസ് സംഘം. പ്രതികളുടെ വീട് കാട്ടിത്തരാം എന്ന വ്യാജേന ശ്യാംകുമാറും ശോഭാലാലും പൊലീസുകാരെയും കൂട്ടി കോട്ടൂർ വനഭാഗത്തേക്ക് പോയി. മലയുടെ മുകൾഭാഗത്തെത്തിയ പൊലീസുകാരെ അസഭ്യം വിളിച്ച ശേഷം ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാരെ തടഞ്ഞുവച്ച ശേഷം അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. വനത്തിലേക്ക് പോയ പൊലീസുകാരെ മണിക്കൂറുകൾക്ക് ശേഷവും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ബന്ദിയാക്കിയ വിവരം പുറത്തറിയുന്നത്. തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ പ്രദീപ്, എസ്.ഐ സെന്തിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് രണ്ടു പേരും. ഇവരെ റിമാൻഡ് ചെയ്തു. അക്രമി സംഘത്തിലെ രണ്ടു പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.