മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിനാണ് മനുഷ്യൻ എപ്പോഴും സമയം ഏറെ ചെലവഴിക്കാറുള്ളത്. മറ്റുള്ളവരുടെ വസ്ത്രധാരണം, സംഭാഷണശൈലി,പാർപ്പിട സൗകര്യങ്ങൾ, സ്ഥാനമാനങ്ങൾ, അവരുടെ സുഖദുഃഖങ്ങൾ, ജീവിതശൈലി തുടങ്ങിയവയെന്തും നിരീക്ഷിക്കുന്നതിൽ ഒരുവൻ കാട്ടുന്ന ജാഗ്രതയും ഔത്സുക്യവും വളരെയാണ്. മറ്റൊരുവന്റെ കുറ്റവും കുറവും പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുന്നതിലും മനുഷ്യൻ വളരെ ശ്രദ്ധാവാനാണ്. എന്നാൽ ഈയൊരു താത്പര്യം സ്വന്തം ജീവിതത്തോടു തന്നെ കാട്ടുന്നതിൽ മനുഷ്യൻ ഏറെ വിമുഖനുമാണ്.
തന്റെ കുറ്റത്തേക്കാൾ മറ്റൊരുവന്റെ കുറ്റത്തെ കാണുകയും, തന്റെ കുറവിനേക്കാൾ മറ്റുള്ളവന്റെ കുറവുകൾ പറയുകയും, തന്റെ ദോഷത്തേക്കാൾ മറ്റുള്ളവരുടെ ദോഷങ്ങൾ കേൾക്കുകയും ചെയ്യുന്ന ഒരുവൻ ഒരിക്കലും ആത്മശ്രദ്ധ പുലർത്തുന്നവനല്ല. ആത്മശ്രദ്ധയില്ലാത്തവനു ആത്മശുദ്ധിയുണ്ടാവില്ല. ആത്മശുദ്ധിയില്ലെങ്കിൽ ആത്മവിശ്വാസവും ആത്മവിശ്വാസമില്ലെങ്കിൽ ആത്മധൈര്യവും പ്രാപ്തമാവുകയില്ല. ഇങ്ങനെ ആത്മനഷ്ടം വരുത്തുന്നവരാണ് സമൂഹത്തിൽ അമിതമായി പെരുകാറുള്ളത്. ഈ പെരുക്കം സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങളിൽ നിന്നാണ് മനുഷ്യന് ആദ്യം മോചനമുണ്ടാകേണ്ടതെന്ന് ചിന്തിച്ചത് ആത്മീയഗുരുക്കന്മാരാണ്.
മറ്റുള്ളവരെ തനിക്കു തുല്യരായി കാണാതിരിക്കുന്ന അവസ്ഥയുണ്ടാക്കുന്നതെന്തെല്ലാമോ അതെല്ലാം ആത്മനഷ്ടത്തിൽ നിന്നും ഉണ്ടായിവരുന്നതാണെന്ന അറിവുണ്ടാവുകയാണ് പ്രധാനം. എന്നെയും നിങ്ങളെയും വേറുവേറാക്കി നിറുത്തുന്നത് ഈ ശരീരങ്ങളാണ്. എന്നാൽ ഈ ശരീരങ്ങളെ ചൈതന്യവത്താക്കി നിലനിറുത്തുന്ന ആത്മാവ് രണ്ടല്ല. ഈ ബോധം ഉറയ്ക്കുന്നതിലൂടെ മാത്രമേ ആത്മനഷ്ടത്തെ ഇല്ലാതാക്കാനാവൂ. ഈ അദ്വൈതബോധത്തിന്റെ ഉണർവിനാണു ആത്മലാഭം എന്നു ഗുരുക്കന്മാർ പറയുന്നത്. നമ്മുടെ വേദാഗമങ്ങളെല്ലാം ആത്മലാഭത്തിലേക്കുള്ള സാധനാമാർഗങ്ങളാണു തുറന്നു തരുന്നത്. പക്ഷേ ഭൗതികാവേശങ്ങളുടെ തിരത്തള്ളലിൽ വേഗം അകപ്പെട്ടുപോകുന്ന മനുഷ്യനു ആത്മലാഭത്തിന്റെ മാർഗത്തിലെത്തപ്പെടുക എളുപ്പമല്ല. കാരണം തന്നിലിരിക്കുന്ന കണ്ണിനെയും മറ്റ് ഇന്ദ്രിയങ്ങളെയും മറ്റുള്ളവരിൽ ഉറപ്പിച്ചുകൊണ്ടു നടക്കാനാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. ഇങ്ങനെ ആത്മാഭിമുഖ്യം കൂടാതെ മനുഷ്യൻ പരാഭിമുഖനായി നടക്കുന്നതിനാൽ ആത്മാനന്ദപ്രാപ്തി അവനൊട്ടുണ്ടാവുകയുമില്ല. അതിനാൽ വിഷയാനന്ദ പ്രാപ്തിയിൽ മുഴുകി ജീവിതമാകെ അനിത്യതകളാൽ സമൃദ്ധവും സമ്പന്നവുമാവുകയാണ് പതിവ്. ഈ സമ്പൽ സമൃദ്ധിയാലാണു ജീവിതം ഉത്കൃഷ്ടമാകുന്നതെന്നാണു അവന്റെ ധാരണ. ഈ ധാരണ ബലപ്പെട്ടിരിക്കുന്നിടത്തോളം മനുഷ്യന്റെ കാമാഭിനിവേശം നിലയ്ക്കില്ല. 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം"എന്ന കവി വചനം ഇതിനൊരു ഉത്തമോദാഹരണമാണ്.
തന്റെ കൈയിലിരിക്കുന്നതിനേക്കാൾ മറ്റൊരുവന്റെ കൈയിലിരിക്കുന്നതിൽ ശ്രദ്ധയും ആഗ്രഹവും പുലർത്തുന്നതും അവന്റേതാക്കാൻ വ്യഗ്രത കാണിക്കുന്നതും ആത്മനഷ്ടത്തിലേക്ക് നമ്മെ നയിക്കും. ഇന്നു ഇത് ലോകത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന ഒരു മഹാരോഗമായിത്തീർന്നിട്ടുണ്ട്. രോഗം ഏതായാലും അത് ശരീരത്തിന്റെയാകെ സുഖസ്ഥിതിയെ ഇല്ലാതാക്കുമെന്നതറിയാതെയാണ് മനുഷ്യൻ ഇത്തരം ഇടപെടലുകളിൽ വ്യാപൃതനാകുന്നത്.
ഒരിക്കൽ സഞ്ചാരത്തിനിടയിൽ രണ്ടുപേർ ഒരു രാത്രി തങ്ങുന്നതിനായി ഒരു ലോഡ്ജിലെത്തി. അവിടെ അപ്പോൾ ഒരു മുറി മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. അടുത്തെങ്ങും താമസത്തിനായി മറ്റ് സൗകര്യമില്ലാതിരുന്നതിനാൽ അവർ ഇരുവരും ചേർന്ന് ആ ഒഴിവുള്ള മുറി പങ്കിടാൻ തീരുമാനിച്ചു. അങ്ങനെ അവർ മുറിയിലെത്തി. അവിടെ രണ്ടു ചെറിയ കിടക്കകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും പരസ്പരം പരിചയപ്പെട്ടു. അതിലൊരുവൻ കച്ചവടക്കാരനും രണ്ടാമത്തെവൻ മോഷണം തൊഴിലാക്കിയവനും ആയിരുന്നു. അവന്റെ നോട്ടവും ശ്രദ്ധയും കച്ചവടക്കാരന്റെ കൈയിൽക്കിടന്ന വജ്രമോതിരത്തിലേക്കും കീശയിലേക്കുമായിരുന്നു. അവ എങ്ങനെയും മോഷ്ടിച്ചെടുക്കണമെന്ന ചിന്തയോടെയാണു രണ്ടാമത്തവൻ അന്ന് ഉറങ്ങാൻ കിടന്നത്. അതിനാൽ അവൻ ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. എന്നാൽ കച്ചവടക്കാരൻ നല്ല യാത്രാക്ഷീണമുണ്ടായിരുന്നതിനാൽ വേഗം തന്നെ ഉറങ്ങിപ്പോയി. അയാൾ ഉറങ്ങിയെന്നു മനസിലാക്കിയ, മോഷണം തൊഴിലാക്കിയവൻ പെട്ടെന്ന് എഴുന്നേറ്റ് കച്ചവടക്കാരന്റെ ഭാണ്ഡവും മറ്റും അഴിച്ചു പരതാൻ തുടങ്ങി. പണമൊന്നും അതിൽ കാണായ്കയാൽ അയാളുടെ കിടക്കയിലും വസ്ത്രങ്ങളിലും വീണ്ടും വീണ്ടും പരിശോധന നടത്തി. എന്നിട്ടും പണം കണ്ടെത്താനായില്ല. പിന്നീട് അയാളുടെ കൈവിരലിൽക്കിടന്ന മോതിരം കൈക്കലാക്കാനായി നോക്കി. അപ്പോൾ മോതിരവും ആ വിരലുകളിലൊന്നും കാണാനുണ്ടായിരുന്നില്ല. കച്ചവടക്കാരൻ ഒളിപ്പിച്ചുവെച്ച മോതിരവും പണവും കണ്ടെത്താൻ വെളുക്കുന്നതുവരെ പരിശോധിച്ചിട്ടും കഴിയാതിരുന്ന മോഷ്ടാവ് ഉറക്കം നഷ്ടപ്പെട്ടതിലും പണവും പണ്ടവും കിട്ടാത്തതിലും ആകെ നിരാശനായി. നേരം വെളുത്തതോടെ സുഖമായുറങ്ങിയ കച്ചവടക്കാരൻ ഉന്മേഷവാനായി എഴുന്നേറ്റു. വസ്ത്രങ്ങളൊക്കെ ധരിച്ചു യാത്രയ്ക്ക് അയാൾ തയാറായി. എന്നിട്ട് മോഷ്ടാവിന്റെ ഭാണ്ഡത്തിൽ അവനറിയാതെ സൂക്ഷിച്ചിരിക്കുകയായിരുന്ന തന്റെ മോതിരവും പണവുമെടുത്തു. അതുകണ്ട് വീർപ്പടക്കി നിന്ന മോഷ്ടാവിനോടായി കച്ചവടക്കാരൻ ഇങ്ങനെ പറഞ്ഞു.
'ഇതെന്റെ കൈവശമായിരുന്നെങ്കിൽ അതു നീ നിന്റെ കൈവശമാക്കുമായിരുന്നു. എന്നാൽ അതു നിന്റെ കൈവശമായിരുന്നാൽ നീ അതിനെ നോക്കുക പോലുമില്ലെന്നു എനിക്കറിയാമായിരുന്നു.'
അതുകേട്ട് മോഷ്ടാവ് ലജ്ജിച്ച് തലകുനിച്ചു.
മറ്റുള്ളവരെ ശ്രദ്ധിച്ചും അനുകരിച്ചും അവരെപ്പോലെയാകാനും അവരുടെ ഭൗതികസമ്പത്ത് സ്വന്തമാക്കാനും ശ്രമിക്കുന്നവരുടെയൊക്കെ ജീവിതം ഏതാണ്ട് ഇപ്പറഞ്ഞ മോഷ്ടാവിനെപ്പോലെ നിരർത്ഥകമായിത്തീരുമെന്ന് ഓർക്കണം. ഇതാണ് ആത്മനഷ്ടം വരുത്തുന്ന വിന. ആത്മനഷ്ടം വരുത്തുന്നവൻ ആരായാലും അവൻ കൃപണനാണ്. ഈ അറിവ് പകരാനും അതിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാനുമായിട്ടാണു ഗുരുദേവതൃപ്പാദങ്ങൾ ആത്മോപദേശ ശതകത്തിൽ ഈവിധം കുറിച്ചിരിക്കുന്നത്.
'കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു -
ന്നപജയകർമ്മമവന്നുവേണ്ടി മാത്രം'