ജീവിതത്തിൽ എല്ലായ്പ്പോഴും ഭാഗ്യം ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് ഏവരും. എന്നാൽ ഏവരുടെയും ജീവിതത്തിലേക്ക് ഭാഗ്യനിർഭാഗ്യങ്ങൾ കടന്നുവരുന്നത് തികച്ചും ആകസ്മികമായിട്ടാണ്. അതായത് ആരുടെയും ആഗ്രഹത്തിനോ പ്രാർത്ഥനയ്ക്കോ വഴങ്ങാതെയാണ് അവ കടന്നുവരുന്നതെന്നർത്ഥം. ചിലപ്പോൾ താല്കാലിക സുഖത്തിന്റെയോ നേട്ടങ്ങളുടെയോ രൂപത്തിൽ ഭാഗ്യങ്ങളും രോഗത്തിന്റെ രൂപത്തിൽ അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ രൂപത്തിൽ അതുമല്ലെങ്കിൽ നഷ്ടങ്ങളുടെയും പരാജയങ്ങളുടെയും രൂപത്തിൽ നിർഭാഗ്യങ്ങളും വന്നുചേരുന്നു. ഏതു രൂപത്തിലായാലും ഇതു നമ്മെ പഠിപ്പിക്കുന്നത് നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അഥവാ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഭാഗ്യനിർഭാഗ്യങ്ങൾ വന്നും പോയും ഇരിക്കുമെന്നാണ്. അതുകൊണ്ട് പ്രാർത്ഥനയെക്കാൾ ഭാഗ്യനിർഭാഗ്യങ്ങളെ സമചിത്തതയോടെയും യാഥാർത്ഥ്യബോധത്തോടെയും അഭിമുഖീകരിക്കുവാനുള്ള ക്ഷമയും വിവേകവുമാണു പ്രാഥമികമായി ഒരാൾക്കുണ്ടാവേണ്ടത്.
പലപ്പോഴും അപ്രതീക്ഷിതമായി ഭാഗ്യം കടന്നുവരുമ്പോൾ സമനില കൈവിട്ടുപോകുന്നവരാണു പലരും. ഇത് മൂലം മറ്റുള്ളവരോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും അതുവരെയില്ലാതിരുന്ന പലമാറ്റങ്ങളും വന്നുചേരുന്നു. അതാകട്ടെ ഗുണത്തെക്കാൾ ദോഷത്തിനു വഴിവയ്ക്കുന്നതാവുകയും ചെയ്യും. പതുക്കെപ്പതുക്കെ അഹങ്കാരത്തിനുള്ള വഴിയും വളവുമായും അതുമാറും. പിന്നീട് നിർഭാഗ്യം വരുമ്പോൾ തണലേകാൻ ആരുമുണ്ടാവുകയില്ല. ഇത് സർവസാധാരണയായി ഇന്നു സമൂഹത്തിൽ കണ്ടുവരുന്ന കാര്യങ്ങളാണ്. എന്നാൽ ഇതിൽ നിന്നും ആവശ്യമായ ചില പാഠങ്ങൾ പഠിക്കുവാനും തിരുത്തലുകൾ നടത്തുവാനും വലിയ അവസരമുണ്ടാകുമെങ്കിലും അതിനു പലരും മുതിരാറില്ലെന്നതാണ് വാസ്തവം. ഇങ്ങനെയുള്ളവരുടെ പെരുപ്പം കൊണ്ട് കുടുംബത്തിനോ സമൂഹത്തിനോ രാജ്യത്തിനോ ഗുണം കിട്ടുകയില്ല.
മറിച്ച് ഭാഗ്യനിർഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മറ്റുള്ളവർകൂടി കാരണക്കാരാണെന്ന വാസ്തവം തിരിച്ചറിയാനായാൽ ഞാൻ മറ്റുള്ളവരെക്കാൾ എത്ര ഭാഗ്യവാൻ അല്ലെങ്കിൽ ഞാൻ മറ്റുള്ളവരെക്കാൾ എത്ര നിർഭാഗ്യവാൻ എന്ന ചിന്ത അത്രവേഗം നമ്മെ അലട്ടുകയില്ല. ഓരോ ആളുടെയും ജീവിതം രൂപപ്പെടുന്നതിനു പിന്നിൽ മറ്റുള്ളവരുടെ ജീവിതപങ്കാളിത്തം കൂടി ഉണ്ടെന്ന സത്യം ഓർത്താൽ നമുക്ക് ഒരാളെയും അവഗണിക്കുവാനോ വെറുക്കുവാനോ ഉള്ള മനസുണ്ടാവുകയില്ല. എവിടെയും ഞാൻ, ഞാൻ എന്നാവർത്തിച്ചുകൊണ്ട് മറ്റുള്ളവരേക്കാൾ മുന്നിലെത്തുവാൻ പരിശ്രമങ്ങൾ നടത്തുമ്പോൾ മറ്റുള്ളവരെ നാം കാണാതിരുന്നുകൂടാ. എന്തെന്നാൽ ജീവിതം ഒരിക്കലുമൊരു ഓട്ടമത്സരം പോലെയുള്ളതല്ല.
ഓട്ടമത്സരത്തിൽ മറ്റുള്ളവരെല്ലാം പിന്നിലായിപ്പോകുമ്പോഴാണ് ഒരുവൻ വിജയശ്രീലാളിതനാകുന്നത്. അവിടെ വിജയമെന്നത് ഒരുവന് മാത്രമുള്ളതാണ്. എന്നാൽ ജീവിതത്തിൽ ആരെയും പിന്തള്ളാതെ വിജയിക്കുന്നവനാണ് യഥാർത്ഥവിജയി. കാരണം ജീവിതമെന്നത് ഒരിക്കലുമൊരു മത്സരത്തിലൂടെ രൂപപ്പെടുത്താനാവുന്ന ഒന്നല്ല. മാത്രവുമല്ല ആരെയെങ്കിലും പരാജയപ്പെടുത്തിക്കൊണ്ട് ഒരാൾക്കും ജീവിതത്തിൽ വിജയിക്കാനാവുകയുമില്ല. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവിതത്തിന്റെ ആധാരവും സൂക്ഷിപ്പും നമ്മുടെ കൈയിലല്ല എന്നതാണ്. അതു സർവേശ്വരന്റെ കാരുണ്യസ്പർശത്താൽ ഉണ്ടായതും നിലകൊള്ളുന്നതുമാണ്. ആ ഉണ്ടാകലിനു പിന്നിൽ നമ്മുടെ ആഗ്രഹമോ പ്രാർത്ഥനയോ ഉണ്ടായിരുന്നില്ലല്ലോ.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും നിജസ്ഥിതി ഇങ്ങനെ തന്നെയാണ്. യാതൊന്നും അതാതിന്റെ മാത്രം കഴിവുകൊണ്ടോ അദ്ധ്വാനം കൊണ്ടോ ഉണ്ടായിവന്നിട്ടുള്ളതല്ലെന്നതിനു ദൃഷ്ടാന്തമാണ് ഇക്കാണപ്പെടുന്ന സൃഷ്ടിജാലങ്ങളെല്ലാം തന്നെ. ഒരു വിത്ത് ഉണ്ടാകുന്നത് മറ്റൊരു ചെടിയിൽ നിന്നോ വൃക്ഷത്തിൽനിന്നോ ആണ്. ഒരു ജീവന്റെ ഉത്ഭവമുണ്ടാകുന്നത് മറ്റൊരു ജീവനിൽ നിന്നാണ്. ആ പുതുജീവനെ വഹിക്കുന്ന ശരീരവും അതിന്റെ പോഷണവും പ്രകൃതിയുടെ എല്ലാ ഘടകങ്ങളുടെയും കൂടിച്ചേരലിൽ നിന്നാണുണ്ടാവുന്നത്. ഇതുപോലെയാണ് ഭാഗ്യനിർഭാഗ്യങ്ങളും. നമ്മുടെ സൂക്ഷ്മതക്കുറവോ കൂടുതലോ കൊണ്ട് സംഭവിക്കുന്നതിനെക്കാൾ മറ്റുള്ളവരുടെ സമ്പർക്കത്താൽ സംഭവിക്കുന്നതാണു അതിലേറെയും. അതുകൊണ്ടാണ് ഭാഗ്യനിർഭാഗ്യങ്ങളിൽ അതിരറ്റ് ആഹ്ലാദിക്കരുതെന്നും സങ്കടപ്പെടരുതെന്നും വിദ്വാന്മാർ പറയുന്നത്.
ജീവനായും ശരീരമായും അന്നമായും വസ്ത്രമായും പാർപ്പിടമായും അറിവായും ആനന്ദമായും ഒക്കെത്തന്നെ നമുക്ക് വേണ്ടതെല്ലാം ഒരുക്കിയും ഇണക്കിയും തരുന്നത് ആരാണ്? ആരെയാണ് നാമതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്. നമ്മൾ ആരെയും ചുമതലപ്പെടുത്താതെ തന്നെയാണ് ഇതെല്ലാം ഓരോരോ അളവിൽ നമ്മിലേക്കു വന്നുചേരുന്നത്. ഇവയിൽ വസ്ത്രവും പാർപ്പിടവും അന്നവും നമ്മൾ തന്നെയല്ലേ ഉണ്ടാക്കുന്നതെന്ന് ഒരുപക്ഷേ ചിലരെങ്കിലും ചോദിച്ചേക്കാം. അന്നത്തിനുവേണ്ട ധാന്യങ്ങളെയും അതിന്റെ വിത്തിനെയും അതിനു വളരാൻ വേണ്ട കാലാവസ്ഥയെയും നമ്മളാണോ ഉണ്ടാക്കിയത് ? വസ്ത്രത്തിനു വേണ്ടുന്ന പരുത്തിയോ പട്ടുനൂൽപ്പുഴുവിനെയോ നമ്മളാണോ ഉണ്ടാക്കിയത്, പാർപ്പിടത്തിനു വേണ്ടതായ കല്ലും മണലും തടിയും മറ്റും നമ്മളാണോ ഉണ്ടാക്കിയത ് ? ഇങ്ങനെ ചിന്തിക്കുന്നതായാൽ ജീവിതം ഉണ്ടാക്കിയത് ഞാനൊരുവനാണ് എന്നു ആർക്കു പറയാനാവും? അതുകൊണ്ടാണ് ഒരുവൻ എപ്പോഴും മറ്റുള്ളവർക്കും മറ്റുള്ളവർ ഓരോരുത്തർക്കും കടപ്പെട്ടവനായിരിക്കണം എന്നു മഹാത്മാക്കൾ ഓർമ്മിപ്പിക്കുന്നത്. ആ കടപ്പാടിനെ അണമുറിയാതെ നിലനിറുത്തുന്ന ഏറ്റവും ഋജുവായ മാനുഷിക വികാരമാണ് സ്നേഹം.എല്ലാ ഗുരുക്കന്മാരും സ്നേഹത്തെ വാഴ്ത്തുന്നതും അതിന്റെ നിത്യതയിൽ ആഴുന്നതും അതുകൊണ്ടാണ്.
'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും " സ്നേഹിക്കണമെന്നു യേശുദേവൻ പറഞ്ഞതിലും 'അയലുതഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചിടേണം" എന്നു ഗുരുദേവതൃപ്പാദങ്ങൾ അരുളിയതിലും ഈ സ്നേഹജാലത്തിന്റെ മഹിമയും ഗരിമയുമുണ്ട്. അതിന്റെ നനവിലും നിനവിലുമാണ് നാം മറ്റുള്ളവർക്കും മറ്റുള്ളവർ നമുക്കും സ്വന്തമായിരിക്കുന്നത്. ഈ വികാരവും വിചാരവും വറ്റാതിരുന്നാൽ ഭാഗ്യനിർഭാഗ്യങ്ങളുടെ പോക്കുവരവിൽ നാം നാമാകാതിരിക്കുന്ന യാതൊന്നും സംഭവിക്കുകയില്ല.