കഴക്കൂട്ടം: മേനംകുളം തുമ്പ കിൻഫ്ര അപ്പാരലൽ പാർക്കിലെ ഇൻഡ്രോയൽ കമ്പനിയുടെ മെത്ത നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരുകോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. കമ്പനിയിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ, യന്ത്രസാമഗ്രികൾ, ജനറേറ്റർ, വാഹനം എന്നിവ കത്തിനശിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാവിലെ കമ്പനി സന്ദർശിച്ചു. ഉയർന്ന താപനിലയിലാണ് ഫോം ഉപയോഗിച്ച് മെത്തകൾ നിർമ്മിക്കുന്നത്. അതിൽ നിന്നാകാം തീപിടിച്ചതെന്ന് കമ്പനി അധികൃതർ പറയുന്നു. അതേസമയം ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. ഫോറൻസിക്കിന്റെയും ഫയർഫോഴ്സിന്റെയും പരിശോധനകൾ വരും ദിവസങ്ങളിലുണ്ടാകും. ഇതുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥകാരണം വ്യക്തമാകുകയുള്ളൂ. കിൻഫ്ര അപ്പാരൽ പാർക്ക് മാനേജിങ് ഡയറക്ടർ ജീവാ ആനന്ദൻ, ഇൻഡ്രോയൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ മധുസൂദനൻ, കിൻഫ്രയിലെ വ്യവസായികളുടെ സംഘടനാ പ്രസിഡന്റ് എം എൻ ചെല്ലപ്പൻ, കിൻഫ്രയിലെ വ്യവസായികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.