തിരുവനന്തപുരം: കുട്ടികളുടെ മാനസിക ശക്തിയും കഴിവും വളർത്തുന്ന ഗണിതശാസ്ത്ര മത്സരത്തിൽ വിസ്‌മയിപ്പിക്കുന്ന വേഗത്തിൽ 120 കണക്കുകളുടെ ഉത്തരം കണ്ടെത്തി 700 ഓളം വിദ്യാർത്ഥികൾ. എസ്.ഐ.പി അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന മത്സരം മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്‌തു. 11 മിനിട്ടിൽ 18 സെക്ഷനുകളിലായാണ് മത്സരം നടന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽ നിന്ന് വിജയികളായ 16 പേർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. എസ്.ഐ.പി അക്കാഡമി എം.ഡി. ദിനേശ് വിക്ടർ, റീജിയണൽ ഹെഡ് സിബി ശേഖർ, ഡെവലപ്മെന്റ് മാനേജർ മാത്യു ജെയിംസ്, കേരളാ മേധാവി, കെ.ടി. പ്രശാന്ത്, ഏരിയാ മേധാവി അനീഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.