തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന് പിന്നാലെ പി.എസ്.സിയുടെ അഭിമുഖത്തിനെതിരെയും ആരോപണം. അഭിമുഖ പരീക്ഷയിൽ ഇടത് നേതാക്കളായ ഉദ്യോഗാർത്ഥികൾക്ക് വഴിവിട്ട് അധികം മാർക്ക് നൽകിയതായാണ് ആരോപണം.ആസൂത്രണ ബോർഡിൽ സോഷ്യൽ സർവീസ്, പ്ലാൻ കോ ഓർഡിനേഷൻ, ഡീ സെൻട്രലൈസ്ഡ് പ്ലാനിംഗ് എന്നീ തസ്തികകളിലേക്ക് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെച്ചൊല്ലിയാണ് വിവാദം..എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്ന മൂന്ന് പേർക്ക് അഭിമുഖത്തിൽ മാർക്ക് കൈയയച്ചു നൽകിയെന്നാണ് പരാതി . 90 ശതമാനത്തിലധികം മാർക്കാണ് അഭിമുഖത്തിലൂടെ ഇവർക്ക് ലഭിച്ചത്. അഭിമുഖത്തിൽ 70 ശതമാനത്തിലധികം മാർക്ക് നൽകരുതെന്ന കീഴ്വഴക്കം ലംഘിച്ചാണ് നടപടി. മൂന്ന് തസ്തികകളുടെയും റാങ്ക് ലിസ്റ്റ് ഈ മാസം മൂന്നിന് പ്രസിദ്ധീകരിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. സോഷ്യൽ സർവീസ് ഡിവിഷനിൽ എഴുത്തുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് സൗമ്യ പി.ജെയാണ്, 91.75 മാർക്ക്. അഭിമുഖത്തിൽ സൗമ്യക്ക് 40ൽ 11 മാർക്ക് മാത്രമാണ് കിട്ടിയത്. അഭിമുഖത്തിൽ 90 ശതമാനം മാർക്ക് ലഭിച്ച ജോസഫൈൻ, ഷാജി, ബിന്ദു പി.വർഗീസ് എന്നീ മൂന്നുപേരും ഇടത് അനുകൂല സർവീസ് സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളാണ്. ഇവരാണ് മൂന്നു റാങ്ക് ലിസ്റ്റിലും ആദ്യ റാങ്കുകാർ. ഷാജിക്ക് അഭിമുഖത്തിൽ 40ൽ 38 മാർക്ക് നൽകി.
പ്ലാനിംഗ് ബോർഡിലെ മുൻപരിചയമാണ് അഭിമുഖത്തിൽ ഇവർക്ക് കൂടുതൽ മാർക്ക് ലഭിക്കാൻ കാരണമെന്നാണ് പി.എസ്.സിയുടെ വിശദീകരണം. എന്നാൽ, അഭിമുഖത്തിൽ പങ്കെടുത്ത പ്ലാനിംഗ് ബോർഡിലെയോ, കേന്ദ്ര പ്ലാനിംഗ് വകുപ്പിലെയോ മറ്റ് ജീവനക്കാർക്കൊന്നും ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും പറയുന്നു.