തിരുവനന്തപുരം: ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസിയുടെ (ജിക്ക) സഹായത്തോടെ തലസ്ഥാന നഗരത്തിലടക്കം നടപ്പാക്കിയ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വായ്പാ കാലാവധി അവസാനിച്ച് നാലു വർഷമായിട്ടും പൂട്ടാത്ത ജലഭവനിലെ പ്രോജക്ട് ഓഫീസിൽ ചീഫ് എൻജിനിയർ അടക്കം 22 ജീവനക്കാർ ഒരു പണിയുമില്ലാതെ ശമ്പളം വാങ്ങി സർക്കാരിന് വൻ ബാദ്ധ്യതയുണ്ടാക്കുന്നു. പ്രതിമാസം 20 ലക്ഷത്തോളം രൂപയാണ് ഇവരുടെ ശമ്പളത്തിനും ഓഫീസിനും ചെലവ്. പ്രതിമാസം 50,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വാങ്ങുന്നവരുണ്ട്. നാലു വർഷംകൊണ്ട് ഈയിനത്തിൽ സർക്കാരിനു ചെയലായത് 10 കോടിയോളം രൂപ.
പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ പ്രോജക്ട് ഓഫീസ് പൂട്ടി ഉദ്യോഗസ്ഥരെ പുനർവിന്യസിക്കണമെന്നാണ വ്യവസ്ഥ. 1997ൽ തുടങ്ങിയ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി നൽകിയ വായ്പയുടെ കാലാവധി 2015-ൽ അവസാനിച്ചിരുന്നു. പദ്ധതിയിലെ ശേഷിച്ച പണികൾക്ക് സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക ചെലവാക്കുന്നത്. കൊല്ലം, കോഴിക്കോട് ജില്ലകളിലെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ജിക്ക പദ്ധതിയുടെ പണികൾ അവശേഷിക്കുന്നത്. പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പണികളുടെയും മേൽനോട്ടം അതത് ജില്ലകളിലെ പ്രോജക്ട് ഡിവിഷനുകൾക്കാണ്.എന്നിരിക്കെയാണ് പദ്ധതി കാലയാളവിൽ നിയോഗിച്ച 22 ജീവനക്കാർ ഇപ്പോഴും ഓഫീസിൽ തുടരുന്നത്.
ജില്ലകളിൽ സൂപ്രണ്ടിംഗ് എൻജിനിയർമാർക്കു കീഴിൽ എക്സിക്യുട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർമാർ, അസി. എൻജിനിയർമാർ, ഓവർസിയർമാർ തുടങ്ങിയവരാണ് കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കുന്നത്. കുടിവെള്ള പദ്ധതികളുടെ പണികളുടെ ബില്ലുകൾ പാസാക്കിയ ശേഷം ജലഭവനെ അറിയിക്കുകയാണ് പതിവ്. എന്നാൽ ജിക്കയുടെ ബില്ലുകൾ രണ്ട് ജില്ലകളിലെ ഉദ്യോഗസ്ഥർ ജലഭവനിലെ പ്രോജക്ട് ഓഫീസിലേക്ക് അയയ്ക്കും. ഈ ബില്ലുകൾ മാറുക മാത്രമാണ് ഇപ്പോൾ ഇവിടത്തെ ജോലി.
പണിയില്ലെങ്കിലും ചെലവേറെ
ചില ഉദ്യോഗസ്ഥർ 20 വർഷമായി സ്ഥലംമാറ്റമില്ലാതെ ഇവിടെ തുടരുന്നുണ്ട്. സ്ഥലംമാറ്റമുണ്ടായാലും വർക്ക് അറേഞ്ച്മെന്റ് എന്നപേരിൽ ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തും. അടുത്തിടെ പ്രൊമോഷനോടെ കോഴിക്കോട്ടേക്ക് പോയ അസി. എക്സിക്യൂട്ടിവ് എൻജിനിയർ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തിരിച്ചെത്തിയിരുന്നു.
ചീഫ് എൻജിനിയർക്കും മറ്റുമായി മൂന്നു കാറുകളുമുണ്ട്. ഇവ ഉദ്യോഗസ്ഥർ സ്വകാര്യാവശ്യത്തിന് ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥർക്ക് ഭക്ഷണം പാകം ചെയ്യാനായി കരാർ ജോലിക്കാരിയെയും നിയമിച്ചിട്ടുണ്ട്. 75 വയസുള്ളയാളെ സെക്യൂരിറ്റിയായി നിറുത്തിയ ശേഷം ഹാൻഡ് റസീപ്റ്റ് നൽകി മൂന്നുപേരുടെ ശമ്പളം എഴുതിയെടുക്കുന്നതായും ആരോപണമുണ്ട്.
പ്രോജക്ട് ഓഫീസിൽ 22 ജീവനക്കാർ
ചീഫ് എൻജിനിയർ - 1
ഡെപ്യൂട്ടി ചീഫ് എൻജിനിയർ -1
അസി. എക്സിക്യുട്ടിവ് എൻജിനിയർമാർ- 4
അസി. എൻജിനിയർമാർ-6
മറ്റു ജീവനക്കാർ-10
ജിക്ക പദ്ധതി
തിരുവനന്തപുരം നഗരം, കൊല്ലത്തെ മീനാട്, ആലപ്പുഴയിലെ ചേർത്തല മുനിസിപ്പാലിറ്റി, കോഴിക്കോട് നഗരമേഖല, സമീപ പഞ്ചായത്തുകൾ, കണ്ണൂരിലെ പട്ടുവം, സമീപ പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതി. 3000 കോടിയായിരുന്നു ചെലവ്
ബില്ലുകൾ മാറുന്നതിനുള്ള ഫണ്ടും മറ്റ് പേമെന്റുകളും നൽകുന്നത് ഹെഡ് ഓഫീസിലെ ജിക്കയുടെ വിംഗിൽ നിന്നാണ്. പദ്ധതി സംബന്ധമായ കേസുകളും അവരാണ് നോക്കുന്നത്
- ലീനാകുമാരി, പ്രോജക്ട് ആൻഡ് ഓപ്പറേഷൻസ് ചീഫ് എൻജിനിയർ