saksharatha-mission

തിരുവനന്തപുരം: പരീക്ഷ തുടങ്ങിയപ്പോൾ മുതൽ ആവേശത്തിലായിരുന്നു സുഭദ്രാമ്മ. വാശിയോടെ പരീക്ഷയെഴുതിയ സുഭദ്രാമ്മയ്ക്ക് 100ൽ 100 മാർക്ക്. മാർച്ച് മാസം ആരംഭിച്ച അക്ഷരശ്രീ മികവുത്സവത്തിൽ അംഗമായതിന് ശേഷമാണ് അക്ഷരങ്ങളുടെ ലോകം തൃക്കണ്ണാപുരം ടാഗോർ റോഡ് തിരുവാതിരയിൽ സുഭദ്രാമ്മ എന്ന 83 വയസുകാരിക്ക് പരിചിതമായത്. പ്രാരാബ്ധങ്ങൾക്കിടയിൽ ലഭിക്കാതെപോയ വിദ്യാഭ്യാസമാണ് 83-ാം വയസിൽ സുഭദ്രാമ്മയെ തേടി വന്നത്. നിരക്ഷരരെ കണ്ടെത്തി തുടർവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷൻ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന മികവുത്സവത്തിൽ പങ്കെടുക്കാനെത്തിയതാണ് സുഭദ്രാമ്മ.

ഇത് സുഭദ്രാമ്മയുടെ മാത്രം കാര്യമല്ല. പുഞ്ചക്കരി വലിയകുന്നുമ്പുറത്ത് വീട്ടിൽ 85കാരി സുമതിയമ്മാളിന്റെ മുഖത്തുമുണ്ട് നഷ്ടമായെന്ന് കരുതിയ അറിവിന്റെ ലോകം തിരിച്ചുപിടിച്ച ആഹ്ലാദം. പരീക്ഷയിൽ നഗരത്തിലെ 74 വാർഡുകളിൽ നിന്നായി 2050 പഠിതാക്കൾ പങ്കെടുത്തു. തിരുവല്ലം ബി.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ രാജമ്മാളാണ് (85) ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥി. പെരുന്താന്നി കുടുംബശ്രീ പരീക്ഷാകേന്ദ്രത്തിലെ തസ്‌ലീമയാണ് (21) ഏറ്റവും പ്രായം കുറഞ്ഞയാൾ. അമ്മമാരും മക്കളും ഒരുമിച്ച് ഒരേ ക്ലാസിൽ പരീക്ഷയെഴുതിയതും കൗതുകമായി. പാച്ചല്ലൂർ കന്യാർനട കമ്മ്യൂണിറ്റി ഹാളിലായിരുന്നു ഈ അപൂർവകാഴ്ച. പാച്ചല്ലൂർ കിഴക്കേ പണ്ടാരവിളാകം വീട്ടിൽ ലീല (79), മകൾ ഭാവന (59), പാച്ചല്ലൂർ അനശ്വര നിവാസിൽ രാജമ്മ (77), മകൾ വാസന്തി (51) എന്നിവരാണ് ഇവിടെ മികവുത്സവത്തിൽ പങ്കെടുത്തത്. എല്ലാവരുടെയും ആഗ്രഹം കഴിയുന്നത്ര പഠിക്കണം എന്ന് തന്നെ.

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇവിടെ 26 വാർഡുകളിലെ 697 പഠിതാക്കൾക്കുള്ള മികവുത്സവം പിന്നീട് നടത്തും. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാർക്കിനാണ് പരീക്ഷ. 30 മാർക്കാണ് വിജയിക്കാൻ വേണ്ടത്. പൂർണമായും സ്ത്രീ പഠിതാക്കളെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.