കല്ലമ്പലം: കരവാരം പഞ്ചായത്തിലെ തകർന്ന ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്നാവശ്യം ശക്തം. പഞ്ചായത്തിലെ നിരവധി റോഡുകളാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. വർഷം തോറും റോഡ് നവീകരണത്തിന് തുക നീക്കി വയ്ക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. റോഡുകളുടെ തകർച്ച വികസന മുരടിപ്പിനും കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. 2015 - 16 കാലഘട്ടത്തിൽ ദർഘാസ് നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ പണി പൂർത്തീകരിച്ചില്ല. അനുവദിച്ച തുകയും ലാപ്സായി. തലവിളമുക്ക് - ഈരാണിക്കോണം റോഡ്, കരവാരം ആണ്ടിക്കോണം - വട്ടകൈത റോഡ്, തോട്ടയ്ക്കാട് - പി.എച്ച്.സി റോഡ്, വടകോട്ടുകാവ് - പോളയ്ക്കൽ റോഡ്, വഞ്ചിയൂർ വൈദ്യശാല വില്ലേജ് ഓഫീസ് റോഡ് തുടങ്ങി ഒട്ടനവധി റോഡുകളാണ് പൂർണമായും തകർന്ന നിലയിലുള്ളത്. ശക്തമായ മഴയിൽ റോഡ് തകർന്ന്‍ വലിയ കുഴികളും വെള്ളക്കെട്ടുമാണ്. ഇരുചക്രവാഹനനങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവാണ്. സ്കൂൾ ബസുകളടക്കം നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.