നെയ്യാറ്റിൻകര: ' കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ് ഞങ്ങൾ മടുത്തല്ലോ" എന്ന ഒരു വോട്ടറുടെ പരാതിക്ക് ' ഉടനെ ശരിയാക്കാം എന്നു പറഞ്ഞ് ഞാനും മടുത്തു" എന്നാണ് പണ്ടൊരു എം.പി പറഞ്ഞത്. ഏറ്റവും കൂടുതൽ ജലലഭ്യതയുള്ളപ്പോഴും മഴക്കാലത്തും കുടിവെള്ളത്തിനായി പരക്കം പായുന്ന നെയ്യാറ്റിൻകരക്കാരുടെ അവസ്ഥയാണ് ഇത്. കോടിക്കണക്കിന് രൂപ ചെലവാക്കി നിരവധി കുടിവെള്ള പദ്ധതികൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ മിസ് മാനേജ്മെന്റ് കാരണം ഒട്ടുമിക്ക പദ്ധതികളും പ്രവർത്തന രഹിതമോ ഭാഗികമായി മാത്രം പ്രവർത്തിക്കുന്നവയോ ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പ്രധാനമായും നടപ്പിലാക്കിയ പദ്ധതികളാണ് കാളിപ്പാറ, കുമിളി, അരുവിപ്പുറം, കാവുംകുളം, പാലക്കടവ് ശുദ്ധജല പദ്ധതി എന്നിവ. എന്നാൽ മിക്ക കുടിവെള്ള പദ്ധതിയും ഉന്തിയും തള്ളിയുമാണ് ജലവിതരണം നടത്തുന്നത്.
കാളിപ്പാറ പദ്ധതി
1995ൽ പദ്ധതി തുടങ്ങി.നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തും ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, വെള്ളറട, മലയിൻകീഴ്, മാറനല്ലൂർ, വിളവൂർക്കൽ, കാട്ടാക്കട, കുളത്തൂർ, കാരോട്, പാറശാല, ചെങ്കൽ, തിരുപുറം, കാഞ്ഞിരംകുളം, പൂവാർ, കരുംകുളം എന്നിവിടങ്ങളിലും കുടിവെള്ളമെത്തിക്കാൻ പദ്ധതി. റെയിൽവേ അനുമതി ലഭിക്കാതെ പദ്ധതി വൈകി. നെയ്യാർ ഡാമിൽ നിന്ന് വെള്ളം കാളിപ്പാറയിലെ ടാങ്കിൽ എത്തിച്ചശേഷം വിതരണം നടത്താൻ ലക്ഷ്യമിട്ടത്.കൂറ്റൻ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് പദ്ധതി ഭാഗികമായി പ്രവർത്തനം തുടങ്ങിയെങ്കിലും പൈപ്പിലെ ജലാതിസമ്മർദ്ദം മൂലം പൈപ്പുകൾ പൊട്ടുന്നത് പതിവായി.
കുമിളി പദ്ധതി
1958ൽ തിരുപുറം കാഞ്ഞിരംകുളം പഞ്ചായത്തുകളുടെ സമീപത്തായി കുമിളി വാട്ടർ സപ്ലൈ സ്‌കീം ആരംഭിച്ചു. അന്നത്തെ ഗവർണർ ബി. രാമകൃഷ്ണറാവു പദ്ധതി നാടിന് സമർപ്പിച്ചു. ചെറിയ പദ്ധതിയായി തുടങ്ങിയെങ്കിലും 60 വർഷങ്ങൾക്ക് ശേഷമാണ് കൂടുതൽ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ് പ്രദേശത്ത് നിർമ്മിച്ചത് അടുത്തിടെ കോടിക്കണക്കിന് രൂപ ചെലവാക്കി പദ്ധതി നവീകരിച്ചു. നെയ്യാറിൽ നിന്നും ഒരു ദിവസം 8 മില്യൻ ലിറ്റർ ജലം പ്ലാന്റിൽ എത്തിക്കുന്നതിനായി 1950 മീറ്റർ നീളമുള്ള 450 എം.എം ഡക്റ്റൈൽ അയൺ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇവിടെ 12 മില്യൻ ലിറ്റർ ജലം ശുദ്ധീകരിക്കാനാകും. ട്രീറ്റ്മെന്റ് പ്ലാന്റ് ശുചിയാക്കുന്ന സന്ദർഭങ്ങളിലൊഴിച്ചാൽ മിക്ക ദിവസവും ജലവിതരണം സാദ്ധ്യമാണ്.
അരുവിപ്പുറം ശുദ്ധജല പദ്ധതി
കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായി അരുവിപ്പുറം പമ്പ് ഹൗസിൽ പദ്ധതി തുടങ്ങി. പമ്പ് ഹൗസിൽ നിന്നു പെരുമ്പഴുതൂർ കളത്തുവിള കല്ലുമല ഓവർഹെഡ് ടാങ്കും അനുബന്ധ പൈപ്പ് ലൈനുകളും സ്ഥാപിച്ചു. പക്ഷേ പൈപ്പ് പൊട്ടി ജലം റോഡിലേക്ക് ഒഴുകുന്നത് തുടർക്കഥ.
കാവുംകുളം കുടിവെള്ള പദ്ധതി
2000ൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി രൂപം നൽകി. കരുംകുളം പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി. ഇതുവരെ പൂർത്തിയായിട്ടില്ല. പൂർത്തിയായാൽ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാവും. പരുത്തൂർപാറ, ഓടൽ, മുതുപുരയിടം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യം. കൂടുതൽ ജലലഭ്യതയുള്ള കരുംകുളം കാവുനടയിൽ കിണറും പമ്പ് ഹൗസും വർഷങ്ങൾക്കു മുൻപേ പണിതു.
ഓടലിൽ ജലസംഭരണിയും നിർമിച്ചു. പഞ്ചായത്ത് 5.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ മുടക്കി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 25ലക്ഷം വിനിയോഗിച്ച് ജലസംഭരണിയും വിതരണശൃംഖലയും സ്ഥാപിച്ചു. ജലസംഭരണി നിർമിച്ചതിൽ അപാകതയുണ്ടെന്ന് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ ആരോപണം.
പാലക്കടവ് ശുദ്ധജല പദ്ധതി
1975–ലാണ് ഈ ശുദ്ധജല പദ്ധതി നടപ്പാക്കുന്നത്. നെയ്യാറിൽ പാലക്കടവിന് സമീപം വെള്ളം തടഞ്ഞ് നിറുത്തി സംഭരണക്കിണറിലെത്തിക്കാനുള്ള പൊളിഞ്ഞ ഇൻഫിൽട്റേഷൻ ഗാലറി പദ്ധതിക്ക് വിനയായി. ഗാലറി തകർന്നിട്ട് വർഷങ്ങൾ പലതായി. ഇടയ്ക്ക് മണൽ ചാക്ക് അട്ടിയിട്ടാണ് വെള്ളം ചെറുത്ത് നിറുത്തിയിരുന്നത്. അടുത്തിടെ ഉണ്ടായ പ്രളയത്തിൽ ചാക്കുകളെല്ലാം ഒലിച്ചുപോയി.അതേവരെ ഉണ്ടായേക്കാവുന്ന ജനസംഖ്യാ വർധന കൂടി കണക്കിലെടുത്ത് ദിവസവും ഒരാൾക്ക് 40 ലിറ്റർ വെള്ളം നൽകാനാകുമെന്ന കണക്ക് കൂട്ടലിൽ പദ്ധതിയുടെ രൂപകല്പന. 10 വർഷം പിന്നിട്ടപ്പോഴേക്കും സമീപ പഞ്ചായത്തുകൾക്ക് കൂടി വെള്ളം നൽകി. തുടർന്ന് ഓഗ്‌മെന്റേഷൻ സ്‌കീം നടപ്പാക്കി പദ്ധതി വിപുലീകരിക്കാൻ ശ്രമവും നടന്നില്ല. ഇപ്പോൾ പദ്ധതിയുടെ കീഴിൽ വരുന്ന പല പഞ്ചായത്തുകളിലും വെള്ളമെത്തുന്നില്ല