മലയിൻകീഴ്: പേയാട് ജംഗ്ഷൻ ഉൾപ്പെടയുള്ള സ്ഥലത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഗ്രാമപഞ്ചായത്തുകൾ യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് സൈഡിലെ കടകൾ പൊളിച്ച് നീക്കിയെങ്കിലും ഇപ്പോഴും കുരുക്ക് തുടരുകയാണ്. അതിന് പ്രധാനകാരണം പഞ്ചായത്ത് വക കെട്ടിടം റോഡിലേക്ക് തള്ളിനിൽക്കുന്നതാണ്. എപ്പേഴും കുരുക്കിലമരുന്ന പോയാട്-മുതൽ കുണ്ടമൺഭാഗം വരെയുള്ള റോഡരികിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞു. അനധികൃ കയ്യേറ്റങ്ങളും നിർമ്മാണവുമാണ് ഒഴിപ്പിച്ചത്. എന്നാൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് വക കെട്ടിടം ഇപ്പോഴും തടസമായി നിൽക്കുകയാണ്. പേയാട് ജംഗ്ഷന് സമീപം പഞ്ചായത്ത് നിർമ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസിന് മന്ദിരത്തിന് മുന്നിലെ പഴയ ഇരുനില കെട്ടിടമാണ് പൊളിച്ച് നീക്കാതെ ശേഷിക്കുന്നത്.
ഈ റോഡിൽ ഗതാഗതക്കുരുക്ക് കാരണം അപകടങ്ങൾ വർദ്ധിച്ചതോടെ വിളവൂർക്കൽ, വിളപ്പിൽ പഞ്ചായത്തുകൾ 2017 ഫെബ്രുവരിയിൽ കയ്യേറ്റങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങിയത്. വീതികൂട്ടിയ ഭാഗങ്ങളിൽ ടാർ ചെയ്യുന്നതിന് 2ലക്ഷം രൂപ സർക്കാർ അനുവദിയ്ക്കുകയും ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് തുടർപണി വേഗത്തിലാക്കുമെന്ന് ഉറപ്പും നല്കിയിരുന്നു. ഒഴിപ്പിച്ച ഭാഗത്തെ റോഡിൽ പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റാത്തതിനാൽ ടാറിംഗ് പദ്ധതി പാളുകയായിരുന്നു. പഞ്ചായത്ത് കെട്ടിടം പൊളിക്കുന്നതിന് സർക്കാർ അനുമതി വേണമത്രേ.
വാഹന പാർക്കിംഗ്, ഓട്ടോ സ്റ്റാൻഡ് വെയിറ്റിംഗ് ഷെഡ് എന്നിവ ജംഗ്ഷനിൽ നിന്ന് മാറ്റിയിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിടത്തെ സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിച്ചു. പൊതുമരാമത്ത് പ്രഖ്യാപിച്ച ടാറിംഗ്, പൊലീസ് ഉറപ്പു നൽകിയ സിഗ്നൽ ലൈറ്റുകൾ എന്നിവ ചെയ്തു തീർക്കാനുള്ളത്. ഇവയ്ക്കെല്ലാം തടസമാകുന്നത് പഞ്ചായത്ത് വക കെട്ടിടമാണ്. ലോക ബാങ്ക് സഹായത്തോടെയാണ് 2017 ൽ പേയാട് ജംഗ്ഷന് സമീപം വിളപ്പിൽ പഞ്ചായത്ത് ഓഫീസിന് മുന്നുനില കെട്ടിടം നിർമ്മിച്ചത്.പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ ഇരുനില കെട്ടിടം പൊളിച്ച് നീക്കിയെങ്കിലും റോഡിനോട് ചേർന്നുള്ള ഒരു ഭാഗം നിലനിറുത്തിയിരുന്നു. കുടുംബശ്രീ, തൊഴിലുറപ്പ്, എ.ഇ.,വി.ഇ.ഒ എന്നീ ഓഫീസുകൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ ഇടിച്ചു നിരത്താൻ കാണിച്ച ഉത്സാഹം പഞ്ചായത്ത് വക കെട്ടിടം പൊളിക്കുന്നതിന് കാട്ടുന്നില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നത്.