തിരുവനന്തപുരം: ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി മലയാളം പഠിക്കാം. മലയാള ഭാഷയുടെ അടിസ്ഥാന പാഠങ്ങൾ ശാസ്ത്രീയമായി തയ്യാറാക്കി ഇന്റർനെറ്റ് വഴി പഠിപ്പിക്കുന്ന മലയാളം മിഷന്റെ ഓപ്പൺ ഓൺലൈൻ കോഴ്‌സിന് കേരളപ്പിറവിയോടനുബന്ധിച്ച് തുടക്കമാകും. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ സൗജന്യമായി ഒരുക്കുന്ന കോഴ്‌സിൽ ഏത് പ്രായത്തിലുമുള്ള, മലയാളം ഒട്ടുമറിയാത്ത പഠിതാവിനുപോലും ഭാഷ പഠിക്കാം. ഒപ്പം കേരളത്തിന്റെ സാംസ്‌കാരിക തനിമയും ഹൃദിസ്ഥമാക്കാം.
9 മുതൽ 16 വയസ് വരെയുള്ള വിദ്യാർത്ഥികളെ 3 മാസം കൊണ്ട് മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജനുവരിയിൽ കോഴ്‌സിന്റെ ആദ്യഘട്ടം ആരംഭിച്ചു.
കേരളത്തിന് പുറത്ത് വളർന്ന ഒരു കുട്ടി കേരളത്തിലെത്തുന്നതും തുടർന്ന് മലയാളം പഠിച്ചെടുക്കുന്നതുമായ രീതിയിലാണ് പാഠഭാഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. മുംബയിൽ ജീവിക്കുന്ന മലയാളികളല്ലാത്ത കുട്ടികളിൽ കോഴ്‌സ് പരീക്ഷിച്ചു. മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങിയത്.
കോഴ്‌സിനുള്ള പാഠ്യ പദ്ധതി പൂർത്തിയായി. ഗ്രാഫിക്‌സ്, അനിമേഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. കേരളത്തിന്റെ സാംസ്‌കാരികത്തനിമ മനസിലാക്കാനാവശ്യമായ ആർക്കൈവ്‌സ് സൗകര്യവും ലിങ്കുകളും സൈറ്റിലുണ്ടാവും.
കോഴ്‌സ് ഇങ്ങനെ
കേൾവി, വായന, എഴുത്ത് എന്നിവ അടിസ്ഥാനമാക്കിയുള്ള മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എം.ഒ.ഒ.സി) അഥവാ മൂക് എന്നതാണ് പഠനരീതി. വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയുമാണ് ഭാഷാ പഠനം. മൂന്ന് ഭാഗങ്ങളായി 90 ചാപ്ടറുകൾ. ആദ്യ ഭാഗം ഭാഷയെ അറിയാനും രണ്ടും മൂന്നും ഭാഗങ്ങൾ ഭാഷയെ ആഴത്തിൽ മനസിലാക്കാനുമുള്ളതാണ്.
ലോകത്തിന്റെ നാനാ കോണിലേക്കും ഭാഷാപഠന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് മലയാളം മിഷന്റെ ലക്ഷ്യം.
- സുജ സൂസൻ ജോർജ്
ഡയറക്ടർ, മലയാളം മിഷൻ