കല്ലമ്പലം: പള്ളിക്കൽ, മടവൂർ, കല്ലമ്പലം മേഖലകളിലെ ഭൂരിഭാഗം ട്രാൻസ്ഫോർമറുകളും കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട് അപകട ഭീതിയിലാണുള്ളത്. ട്രാൻസ്ഫോർമറുകളിൽ നിന്ന് കാട്ടുവള്ളികളിലൂടെ വൈദ്യുതി പ്രസരിക്കുന്നതായും പരാതി ഉണ്ട്. പള്ളിക്കൽ, കാട്ടുപുതുശ്ശേരി, മരുതികുന്ന്, മുക്കുകട തുടങ്ങി പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകളിൽ നിന്ന് കാട്ടുവള്ളികളിലൂടെ വൈദ്യുതി പ്രസരിക്കുന്നതുമൂലം വൈദ്യുതിയും പാഴാകുന്നുണ്ട്. മടവൂർ, പള്ളിക്കൽ പ്രദേശങ്ങളിലാണ് വ്യാപകമായി . ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകളിലും, ലൈനുകളിലും കാട്ടുവള്ളികൾ ചുറ്റി പടർന്ന്‍ നിലത്തേക്ക് വളർന്നിറങ്ങിയിട്ടുള്ളത്.
കല്ലമ്പലം കെ.എസ്.ഇ.ബിയുടെ പരിധിയിലുള്ള ചില ട്രാൻസ്ഫോർമറുകൾ പരാതിയുയർന്നതിനെ തുടർന്ന്‍ കാടും പടർപ്പും വെട്ടിമാറ്റി വെടിപ്പാക്കിയെങ്കിലും ഇനിയും പൂർണമായിട്ടില്ല. മടവൂർ കെ.എസ്.ഇ.ബിയുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിൽ തട്ടിനിൽക്കുന്ന മരചില്ലകളും വെട്ടിമാറ്റുന്നില്ലന്നാക്ഷേപമുണ്ട്. ഇതു മൂലം മരച്ചില്ലകൾ ഒടിഞ്ഞു വീണ് ലൈൻ കമ്പികൾ പൊട്ടിയുള്ള അപകടങ്ങളും നടക്കാറുണ്ട്. അടിക്കടി കറന്റു പോക്കും ഇവിടെ പതിവാണ്. മാനത്ത് കാറ് കണ്ടാൽ പിന്നെ മണിക്കൂറുകൾ മടവൂരിൽ കറന്റ് കാണില്ല. കല്ലമ്പലം കെ.എസ്.ഇ.ബിയുടെ പരിധിയിലായിരുന്ന നാവായിക്കുളം പഞ്ചായത്തിലെ ചില പ്രദേശങ്ങൾ മടവൂർ കെ.എസ്.ഇ.ബിയുടെ കീഴിലാക്കിയതിൽ അടുത്തിടെ വൻ പ്രതിഷേധം ഉയർന്നിരുന്നു. മടവൂരിൽ വൈദ്യുതി മുടക്കം പതിവായതിനാൽ ഇവരെ വീണ്ടും കല്ലമ്പലം കെ.എസ്.ഇ.ബിയുടെ പരിധിയിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് വകുപ്പധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. അടിക്കടിയുള്ള വൈദ്യുതി മുടക്കം പരിഹരിക്കണമെന്നും ട്രാൻസ്ഫോർമറുകളിലെ കാടും പടർപ്പും നീക്കം ചെയ്യണമെന്നാവശ്യവും ശക്തമാണ്.