തിരുവനന്തപുരം : സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെയും തെരയുന്നവരെയും കണ്ടെത്താൻ പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേർ കുടുങ്ങി. 21 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
തിരുവനന്തപുരത്തു നിന്നു 2 പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂർ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് .എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിൽ വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവർ അറസ്റ്റിലായി. എറണാകുളത്ത് നിന്ന് അനൂപ്, രാഹുൽ ഗോപി എന്നിവരാണ് അറസ്റ്റിലായത്. മതിപറമ്പ് സ്വദേശികളായ ജിഷ്ണു .എ, രമിത്. കെ, കരിയാട് സ്വദേശി ലിജേഷ് .ജി.പി എന്നിവരാണ് കണ്ണൂരിൽ നിന്ന് അറസ്റ്റിലായത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് ഒരാൾ വീതം പിടിയിലായി. പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെയുളള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താൻ കഴിഞ്ഞു.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിൽ ഹൈടെക് ക്രൈം എൻക്വയറി സെൽ ഇൻസ്‌പെക്ടർ സ്റ്റാർമോൻ ആർ. പിള്ളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 6ന് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.