ak-balan

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനത്തിന് വൻകുതിപ്പെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി മന്ത്രി എ.കെ.ബാലൻ. സംസ്ഥാനത്ത് 2019 ൽ ഇതുവരെ സ്റ്റാർട്ടപ്പുകളുടെ വളർച്ച മുപ്പത്തഞ്ച് ശതമാനമായി ഉയർന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം 2019 റിപ്പോർട്ടിൽ പറയുന്നത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെ മന്ത്രി സന്തോഷം പങ്കിട്ടു.

ബാലന്റെ കുറിപ്പ് പൂർണരൂപത്തിൽ:

സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസഥാനത്തിന് വൻകുതിപ്പ്. സംസ്ഥാനത്ത് 2019 ൽ ഇതുവരെ സ്റ്റാർട്ടപ്പുകളുടെ വളർച്ച മുപ്പത്തഞ്ച് ശതമാനമായി ഉയർന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം 2019 റിപ്പോർട്ടിൽ പറയുന്നു. അതിനു മുമ്പ് 17 ശതമാനമായിരുന്നു വളർച്ച. ഈ വർഷം ഇതുവരെ കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പുകളിൽ 311 കോടി രൂപയുടെ നിക്ഷേപം നടന്നു. 2200 സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് സജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള സ്റ്റാർട്ടപ് മിഷനു (കെ.എസ്‌.യു.എം) വേണ്ടി ടൈ കേരളയും ഇൻക് 42ഉം ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

സ്റ്റാർട്ടപ്പ് വികസനത്തിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സർക്കാർ പ്രത്യേക പദ്ധതികൾ തയാറാക്കിയതിന്റെ ഫലമാണ് ഈ വളർച്ച. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ് സമുച്ചയം കൊച്ചിയിൽ ആരംഭിച്ചത് വളർച്ചയ്ക്ക് സഹായിച്ചു. സംസ്ഥാനത്തെ പല സ്റ്റാർട്ടപ്പുകൾക്കും വിദേശത്തടക്കംവലിയ സ്വീകാര്യത ലഭിച്ചു. ട്വിറ്റർ സഹസ്ഥാപകനും ഏൻജൽ നിക്ഷേപകനുമായ ബിസ്റ്റോൺ കേരളത്തിലെ സ്റ്റാർട്ട് അപ്പിൽ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒപ്പോ, ഫ്യൂച്വർ ഗ്രൂപ്പ്, ഓർബിറ്റൽ എന്നീ ആഗോളസ്ഥാപനങ്ങളും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൻ സംരംഭവുമായി മുന്നോട്ടുവരുന്നവർക്ക് എല്ലാ പിന്തുണയും പ്രോത്സാഹവവും നൽകും.