തിരുവനന്തപുരം: കുടുംബ വീടിനടുത്തുള്ള വെള്ളായണി ദേവീ ക്ഷേത്രത്തിലെത്തി തൊഴുതാണ് വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സുരേഷിന്റെ ദിവസം തുടങ്ങുന്നത്. ചൂടുപിടിച്ച പ്രചാരണ ദിവസമായ ഇന്നലെയും അതിന് മാറ്റമുണ്ടായില്ല. പിന്നെ അതിവേഗം മണ്ഡലത്തിലേക്ക്.

മരുതംകുഴി റസി. അസോസിയേഷൻ പരിധിയിലെ ഭവനസന്ദർശനമാണ് ആദ്യപരിപാടി. അതിനുമുമ്പ് സമീപത്തെ കേശവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തി. ഏഴരയോടെ വീടുകളിൽ വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥിയെത്തി. അവധിദിവസത്തിന്റെ ആലസ്യത്തിലായിരുന്നു മിക്ക വീട്ടുകാരും. സ്ഥാനാർത്ഥിയെ കണ്ടതോടെ ആലസ്യമെല്ലാം മാറ്റി പുഞ്ചിരിയോടെ അടുത്തെത്തി. തൊഴുകൈയോടെ വിനയാന്വിതനായി 'താമരയാണ് ചിഹ്നം, നമ്മളെ മറക്കല്ലേ' എന്ന് ഓർമ്മപ്പെടുത്തി വോട്ടഭ്യർത്ഥന. മരുതംകുഴി ബണ്ട് റോഡ് പരിസരത്തെ കോളനിയിലായിരുന്നു പിന്നീട് വോട്ടഭ്യർത്ഥന. നൂറിലേറെ വീടുകൾ കയറിയിറങ്ങി. ഒട്ടും സമയം പാഴാക്കാനില്ലാതെ ദ്രുതഗതിയിലായിരുന്നു ഭവനസന്ദർശനം. സ്ഥാനാർത്ഥിക്കൊപ്പം ഓടിയെത്താൻ പ്രവർത്തകർ പാടുപെട്ടു.

ഉദിയന്നൂർ ക്ഷേത്രത്തിനടുത്ത് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്.കുമാറിന്റെ വീട്ടിൽ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമായി പ്രഭാതഭക്ഷണം. തിരക്കിട്ട പ്രചാരണദിവസത്തിൽ ഭക്ഷണത്തിനായി അധികസമയം പാഴാക്കാനില്ല. രണ്ടുമൂന്നു മിനിറ്റിനകം സ്ഥാനാർത്ഥി കഴിച്ചുതീർന്നു. പ്രവർത്തകരുമായി ചെറിയൊരു കൂടിയാലോചന. തുടർന്ന് അടുത്ത കേന്ദ്രത്തിലേക്ക്. വാഹനത്തിൽ കയറാൻ നടക്കവേ വഴിയിൽ കണ്ടവരോടും സമീപത്തെ വീട്ടുകാരോടും ഓടിനടന്ന് വോട്ടഭ്യർത്ഥന. പിന്നെ തിരക്കിട്ട് കാറിൽ കയറി. ഞായറാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികളാണ് ലക്ഷ്യം.

പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് ആദ്യമെത്തിയത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് വരുന്ന ആളുകളോട് 'ഇവിടത്തെ ബി.ജെ.പി സ്ഥാനാർത്ഥിയാണ്, സുരേഷ്' എന്ന് പരിചയപ്പെടുത്തി വോട്ട് ചോദിച്ചു. അതേസമയം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും വോട്ടഭ്യർത്ഥനയുമായി പള്ളിയിലുണ്ടായിരുന്നു. പരസ്പരം ചെറുചിരി സമ്മാനിച്ച് ഇരുവരും പരമാവധി പേരെ കാണാൻ പള്ളിമുറ്റത്തേക്ക്. തൊട്ടടുത്തുള്ള എബനേസർ മാർത്തോമാ ചർച്ചിലെത്തിയപ്പോൾ അവിടെ പ്രാർത്ഥന തീർന്നിട്ടില്ല. അല്പനേരം കാത്തുനിന്നു. വിലപ്പെട്ട സമയം കളയാതെ സമീപത്തെ വീടുകളിൽ വോട്ട് ചോദിക്കാൻ കയറി. പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ ഇറങ്ങിയതോടെ ആരെയും ഒഴിവാക്കാതെ തൊഴുകൈയും പുഞ്ചിരിയുമായി വോട്ടഭ്യർത്ഥന.
പിന്നീട് പേരൂർക്കടയിൽ മുൻമന്ത്രി പി.എസ്.നടരാജപിള്ളയുടെ മകൻ എൻ.വെങ്കിടേശന് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ 11 മുതൽ 12 വരെ നേരത്തെ തീരുമാനിച്ചതു പ്രകാരം ഫേസ്ബുക്ക് ലൈവിൽ പങ്കെടുക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പും മണ്ഡലത്തിലെ വികസനവുമാണ് വിഷയം. ആദ്യം സ്ഥാനാർത്ഥി മുഖവുരയായി സംസാരിച്ചു. പിന്നെ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
മണ്ണാമൂലയിലെ ശുഭാനന്ദ ജ്യോതി ആശ്രമത്തിലെത്തിയപ്പോൾ അവിടെ പ്രാർത്ഥന നടക്കുന്നു. സ്ഥാനാർത്ഥിയും പ്രാർത്ഥനയിൽ പങ്കുചേർന്നു. തുടർന്ന് വിശ്വാസികളോട് ചെറുസംസാരവും വോട്ടഭ്യർത്ഥനയും. സ്വാമി സത്യവ്രതയുടെയും ആശ്രമത്തിലെ സന്യാസിനിമാരുടെയും അനുഗ്രഹം വാങ്ങി. അന്തേവാസികളുടെ നിർബന്ധത്തിന് വഴങ്ങി ഊട്ടുപുരയിലെത്തി ചൂടു പായസവും രുചിച്ചു. അപ്പോഴാണ് കോൺഗ്രസ് നേതാവ് കാവല്ലൂർ മധുവിന്റെ മരണവാർത്തയറിയുന്നത്. ഉടനെ ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയിരുന്നു.
തുടർന്ന് ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദയുമായി കൂടിക്കാഴ്ച. സ്വാമിയുടെ അനുഗ്രഹം വാങ്ങി അവിടെനിന്ന് ഇറങ്ങി. തുടർന്ന് കാവല്ലൂർ മധുവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. അപ്പോഴേക്ക് സമയം രണ്ടര കഴിഞ്ഞു. മൂന്നരയ്ക്ക് വാഹനപര്യടനം തുടങ്ങണം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി തീരെ ലഘുവായൊരു വിശ്രമം. ഉച്ചഭക്ഷണം പോലും മറന്ന് രണ്ടാംദിന വാഹന പര്യടനത്തിലേക്ക്. വലിയവിള ഏരിയയിലായിരുന്നു പര്യടനം. കുരുവിക്കാട് നിന്ന് തുടങ്ങി പെരുമഴയെ വകവയ്ക്കാതെ മുന്നോട്ടുനീങ്ങിയ പര്യടനം അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങി രാത്രി ഒമ്പതരയോടെ ശാസ്തമംഗലത്ത് സമാപിച്ചു.