നെടുമങ്ങാട്: നാലുവരിപ്പാത സ്വപ്നം കാണുന്ന നഗരവാസികൾ ഇനിയുമേറെനാൾ കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ പ്രാകൃത റോഡിലൂടെ നടുവൊടിഞ്ഞ് യാത്ര ചെയ്യണം ! പ്രാരംഭ പ്രവർത്തനങ്ങൾക്ക് കിഫ്‌ബി പണം അനുവദിച്ചെങ്കിലും കളക്ടർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് അലൈൻമെന്റ് കല്ലിടൽ പൂർത്തിയാക്കിയാലേ സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുകയുള്ളു. ലാന്റ് അക്വിസേഷന് ഒരു തഹസിൽദാരെ മരാമത്ത് വകുപ്പ് നിയോഗിച്ചതിന് പുറമെ, കിഫ്‌ബി സ്‌പെഷ്യൽ തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അലൈൻമെന്റ് കല്ലിടൽ ഇവരുടെ നേതൃത്വത്തിൽ നടക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന. കല്ലിടൽ കഴിഞ്ഞ് സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്തും. ഇതിന് കുറഞ്ഞത് അഞ്ച് മാസമെങ്കിലും വേണം. ഇതിനു ശേഷമേ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങുകയുള്ളു. ഇക്കാലയളവിൽ നഷ്ടപരിഹാരം അനുവദിക്കലും പരാതി പരിഹാരവും പൂർത്തിയാക്കണം. വളവുകൾ പൂർണമായും നിവർത്തിയുള്ള നിർമ്മാണ പ്രവർത്തനമാണ് കിഫ്‌ബി ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ ലാന്റ് അക്വിസേഷൻ റൂൾ പ്രകാരം വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴിപ്പിക്കപ്പെട്ടാലും നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, ഇക്കാര്യത്തിൽ വ്യാപാരികൾക്ക് ആശങ്കയുണ്ട്. ഇവർക്ക് പുറമെ റോഡരികിലെ താമസക്കാരും വസ്തു ഉടമകളും നഷ്ടപരിഹാരം സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലും കടകളുടെ ഇറക്കുകൾ നിരന്നതോടെ ഗതാഗത കുരുക്കും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. അടുത്തിടെ, നഗരസഭ മുൻകൈ എടുത്ത് പുറമ്പോക്ക് ഒഴിപ്പിക്കാൻ നടപടി എടുത്തെങ്കിലും ജെ.സി.ബി എത്തിയതോടെ പ്രതിഷേധമുയർന്നു. ചെറിയ പെട്ടിക്കടകളും ഷെഡുകളും പൊളിക്കാനുള്ള ശ്രമമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ആദ്യം പെർമിറ്റ് ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നായിരുന്നു ചെറുകിട കച്ചവടക്കാരുടെ ആവശ്യം. പുതിയതായി പെർമിറ്റ് ആവശ്യപ്പെട്ട് എത്തുന്നവർ നിലവിലെ കെട്ടിടങ്ങളുടെ മറവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ട്.
കച്ചേരിനട നിന്ന് സൂര്യ റോഡിലേക്കും ചന്തമുക്കിലേക്കും നിലവിൽ വൺവേ ക്രമീകരണമാണ്. കുപ്പക്കോണം-ഗേൾസ് സ്‌കൂൾ റോഡും വൺവേയാക്കി. കൈയേറ്റക്കാരുടെ പറുദീസയെന്നാണ് ഈ ഭാഗങ്ങൾ ഇപ്പോൾ അറിയപ്പെടുന്നത്. റോഡ് പുറമ്പോക്കിലെ കെട്ടിടങ്ങളിൽ പലതിനും നഗരസഭ ഇതുവരെ പെർമിറ്റ് നൽകിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. അനധികൃതമായി നേടിയ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കിയ വൻകിട മന്ദിരങ്ങളും നഗരസഭയ്ക്ക് വെല്ലുവിളിയാകും. അനധികൃത കെട്ടിടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും സർവേ നടപടികൾ പൂർത്തിയാവാത്ത സാഹചര്യത്തിൽ പൊളിച്ചു നീക്കാനാവില്ലെന്നാണ് നഗരസഭാധികൃതരുടെ നിലപാട്.