പൂനെ : ഒരുപിടി റെക്കാഡുകൾ സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസറ്റിലും കീഴടക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയ പരമ്പരകളിലെ പ്രതിഭാസമായി മാറി.
പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ നാലുദിനം കൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 137 റൺസിനും വിജയിക്കുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ വിരാട് കൊഹ്‌ലിയും സംഘവും 2-0ത്തിന് മുന്നിലെത്തി. സ്വന്തം മണ്ണിലെ തുടർച്ചയായ 11-ാം പരമ്പര വിജയമാണ് ഇന്ത്യയ്ക്കിത്. ഇക്കാര്യത്തിലെ ആസ്ട്രേലിയൻ റെക്കാഡ് മറികടന്ന ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം വിജയത്തോടെ ഒന്നാം സ്ഥാനവും സുരക്ഷിതമാക്കി.
പൂനെയിൽ ആദ്യ ഇന്നിംഗ്സിൽ 601/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്ന ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 275ന് ആൾ ഒൗട്ടായ ശേഷം നാലാം ദിനം ഫോളോ ഒാണിനിറങ്ങി 189 റൺസിൽ വീണ്ടും ആൾ ഒൗട്ടായി.
നായകനായി തന്റെ 50-ാം ടെസ്റ്റിനിറങ്ങി കരിയറിലെ ഏഴാം ടെസ്റ്റ് ഡബിൾ സെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയും (254 നോട്ടൗട്ട്), തുടർച്ചയായ രണ്ടാം ഹോം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഒാപ്പണർ മായാങ്ക് അഗർവാളും (108), അർദ്ധസെഞ്ച്വറികൾ നേടിയ രവീന്ദ്ര ജഡേജയും (91), ചേതേശ്വർ പുജാരയും (58), അജിങ്ക്യ രഹാനെയും (59) ചേർന്നാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിൽ ഡുപ്ളെസി (64), ഡികോക്ക് (31), വെർനോൺ ഫിലാൻഡർ (44 നോട്ടൗട്ട്), കേശവ് മഹാരാജ് (72), തെയുനിസ് ഡി ബ്രുയാൻ (30) എന്നിവർ പൊരുതി നിന്നപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഡീൻ എൽഗാർ (48) , ടെംപബൗമ (38), ഫിലാൻഡർ (37), കേശവ് മഹാരാജ് (22) എന്നിവരിൽ പ്രതിരോധം ഒതുങ്ങി. ഇന്ത്യയ്ക്കുവേണ്ടി അശ്വിൻ ആദ്യ ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ രണ്ടുംവിക്കറ്റുകൾ വീഴ്ത്തി. ഉമേഷ് യാദവ് ഇരു ഇന്നിംഗ്സുകളിലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ജഡേജയ്ക്കു ഇരു ഇന്നിംഗ്സുകളിലുമായി നാലും ഷമിക്ക് മൂന്നും വിക്കറ്റുകൾ ലഭിച്ചു. വിരാട് കൊഹ്‌ലിയാണ് മാൻ ഒഫ് ദ മാച്ച്.
ഇന്നലെ ഫോളോ ഒാണിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുൻനിരയിലെ അഞ്ച് വിക്കറ്റുകൾ 79 റൺസെടുക്കുന്നതിനിടെ പൊഴിഞ്ഞതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് വിജയം ഉറപ്പായിരുന്നു. ആദ്യ ഒാവറിൽത്തന്നെ മാർക്രമിനെ (0) എൽ.ബിയിൽ കുരുക്കി.
ഇശാന്ത് ശർമ്മയാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് ഡിബ്രുയ്‌ൻ (8) ഉമേഷിനും ഡുപ്ളെസിയും (5), എൽഗാറും (48), അശ്വിനും ഇരകളായി. ഡികോക്കിനെ (5), ബൗൾഡാക്കിയ ജഡേജ ടെംപ ബൗമയെയും (35) കരയ്ക്കുകയറ്റി. മുത്തുസ്വാമി (9), ഷമിക്ക് ഇരയായതോടെ സന്ദർശകർ നാലാംദിനം ചായയ്ക്ക് മുമ്പ് 129/7 ലെത്തി.
എട്ടാംവിക്കറ്റിൽ ഫിലാൻഡർ (37), കേശവ് മഹാരാജ് (22) സഖ്യം കൂട്ടിച്ചേർത്ത 56 റൺസാണ് അവരുടെ ജീവൻ അല്പം കൂടി നീട്ടിയത്. എന്നാൽ 67-ാം ഒാവറിൽ ഫിലാൻഡറെയും റബാദയെയും (4) മടക്കിഅയച്ച ഉമേഷും അടുത്ത ഒാവറിൽ കേശവ് മഹാരാജിനെ എൽ.ബി.യിൽ കുരുക്കിയ ജഡേജയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കർട്ടനിട്ടു. ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായിരുന്ന കേശവ് രണ്ടാം ഇന്നിംഗ്സിലും പരിക്ക് വക വയ്ക്കാതെ ബാറ്റ് ചെയ്തതോടെ മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയാതെ പരിക്ക് ഗുരുതരമാവുകയും ചെയ്തു.
വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ 203 റൺസിനായിരുന്നു ഇന്ത്യൻ വിജയം. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച റാഞ്ചിയിൽ തുടങ്ങും.
സ്കോർ കാർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 601/5 ഡിക്ളയേഡ്
കൊഹ്‌ലി 254 നോട്ടൗട്ട്, മായാങ്ക് അഗർവാൾ
108, പുജാര 58, രഹാനെ 59, ജഡേജ 91
റബാദ 3/93
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 275
കേശവ് മഹാരാജ് 72, ഫിലാൻഡർ നോട്ടൗട്ട് 44, ഡുപ്ളെസി 64, ഡികോക്ക് 31, ഡിബ്രൂയ്ൻ 30
അശ്വിൻ 4/69, ഉമേഷ് 3/37, ഷമി 2/44.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് : 189
എൽഗാർ 48, ബൗമ 38, ഫിലാൻഡർ 37, കേശവ് 22.
ഉമേഷ് 3/22, ജഡേജ 3/52, അശ്വിൻ 2/45
ഇന്ത്യൻ ഇന്നിംഗ്സ് വിജയത്തിന്റെ
ശില്പികൾ
1. ഡബിൾ കൊഹ്‌ലി
ഏറ്റവും കൂടുതൽ ടെസ്റ്റ് ഇരട്ട സെഞ്ച്വറികൾ നേടുന്ന ഇന്ത്യക്കാരനായി റെക്കാഡിട്ട നായകൻ കൊഹ്‌ലിയുടെ 254 റൺസായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. 336 പന്തുകൾ നേരിട്ട കൊഹ്‌ലി 33 ബൗണ്ടറികളും രണ്ട് സിക്സുകളുമടിച്ച് തന്റെ കരിയറിലെ ഉയർന്ന സ്കോറും നേടി. ഒാപ്പണർ രോഹിതിനെ നഷ്ടമായ ശേഷമുള്ള മായാങ്കിന്റെയും (108) പുജാരയുടെയും (58), പോരാട്ടമാണ് കൊഹ്‌ലിക്ക് കാലുറപ്പിക്കാൻ കളമൊരുക്കിയത്.
ആൾ റൗണ്ടർ ജഡേജ
അതിവേഗത്തിൽ 91 റൺസടിക്കുകയും ഇരട്ട ഇന്നിംഗ്സുകളിലുമായി നാല് വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ജഡേജ ടെസ്റ്റിലെ വിശ്വസ്തനായ ആൾ റൗണ്ടറാണ് താനെന്ന് വീണ്ടും തെളിയിച്ചു. ബൗളിംഗിലെ മൂർച്ച നഷ്ടമായിട്ടില്ലെന്ന് അശ്വിനും (ഇരു ഇന്നിംഗ്സുകളിലുമായി ആറുവിക്കറ്റുകൾ) തെളിയിച്ചു. ജഡേജയുടെയും കൊഹ്‌ലിയുടെയും തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയെ അതിവേഗം 600 റൺസിലെത്തിച്ചത്. ഇരുവരും ചേർന്ന് ആറാംവിക്കറ്റിൽ കൂട്ടിച്ചേർത്തത് 225 റൺസാണ്. 235 പന്തുകളിൽ നിന്നാണ് ഇൗ സഖ്യം ഇത്രയും റൺസ് അടിച്ചുകൂട്ടിയത്.
സൂപ്പർമാൻ സാഹ
ഒന്നരവർഷത്തോളം പരിക്കുമൂലം പുറത്തിരുന്ന ശേഷമുള്ള തിരിച്ചുവരവ് സാഹ അതിഗംഭീരമാക്കി. ഇരു ഇന്നിംഗ്സുകളിലുമായി അഞ്ച് ക്യാച്ചുകളാണ് സാഹ എടുത്തത്. ഇതിൽ പലതും ഡൈവിംഗ് ക്യാച്ചുകളായിരുന്നു. ഉമേഷിന്റെയും ഷമിയുടെയും കുത്തിത്തിരിഞ്ഞ പന്തുകൾ ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കിയ സാഹയുടെ അക്രോബാറ്റിക് പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി. സ്പിന്നർമാരുടെ പന്തുകൾ കൈകാര്യം ചെയ്യുന്നതിലും സാഹ വൻ വിജയമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തിരിക്കേണ്ടിവന്ന സാഹയെ ഇനി പ്ളേയിംഗ് ഇലവനിൽ നിന്ന് മാറ്റിനിറുത്താൻ ടീം മാനേജ്മെന്റിന് എളുപ്പം സാധിക്കില്ല.