തിരുവനന്തപുരം : പൂജപ്പുര നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് അമ്യൂസ്‌മെന്റ് പാർക്ക് നടത്തിപ്പുകാരിൽ നിന്ന് പൊലീസുകാർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ്.എച്ച്.ഒയ്ക്കും പങ്ക്. നവരാത്രി ഉത്സവ സമയത്ത് പൂജപ്പുര സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന പ്രേംകുമാർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഒരു ലക്ഷം രൂപ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇയാൾക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. കൈക്കൂലി കേസിൽ സ്റ്റേഷനിലെ റൈറ്റർ മന്മഥൻ, സി.പി.ഒ പ്രകാശ് എന്നിവരെ കഴിഞ്ഞ ദിവസം കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച കന്റോൺമെന്റ് എ.സിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് എസ്.എച്ച്.ഒയുടെ പങ്കും വ്യക്തമായത്.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രേംകുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്. നിലവിൽ പൂജപ്പൂര സ്റ്റേഷനിൽ എസ്.എച്ച്.ഒ യില്ല. പ്രേംകുമാറിനെതിരായ റിപ്പോർട്ട് ഉടൻ സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എ.സി പറഞ്ഞു. കഴിഞ്ഞ 30നായിരുന്നു സംഭവം. നവരാത്രി ഉത്സവത്തോടനുബന്ധിച്ചു അമ്യൂസ്‌മെന്റ് പാർക്ക് നടത്തിപ്പുകാരിൽ നിന്ന് ഒരു ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. പണം വാങ്ങിയതിന്റെ പിറ്റേദിവസമാണ് പ്രേംകുമാർ സ്ഥലം മാറി കൊല്ലത്തേക്ക് പോയത്. നടത്തിപ്പുകാർ തന്നെ പരാതിയുമായി കമ്മിഷണറെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌പെഷ്യൽ ബ്രാഞ്ചും ക്രമക്കേട് നടന്നുവെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.