തിരുവനന്തപുരം: ഒപ്പംപഠിച്ചവരുടെ ഒത്തുചേരലുകൾ വെറുതെ ആർപ്പുവിളിച്ച് ആഘോഷിക്കുന്നതിനു പകരം അവർ ഒരു വീട് പണിതു. ഒന്നര സെന്റ് പോലുമില്ലാത്ത സ്ഥലത്ത് പൊളിഞ്ഞു വീഴാറായ ഒറ്രമുറി വീട്ടിൽ പേടിച്ച് കഴിഞ്ഞിരുന്ന ഒരു കുടംബത്തിന് അതൊരു സ്വപ്ന സാക്ഷാത്കാരമായി.
പ്രായമേറിയെ അമ്മയും കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം എറണാകുളം സൗത്ത് ചീറ്റൂരിലെ പുതിയ വീടിന്റെ പടികയറുമ്പോൾ ദാസൻ ദേവസ്യയുടെ കണ്ണ് നിറഞ്ഞിരുന്നു. ആ പാവം നന്ദി പറയുന്നത് ടി. കെ.എം എൻജിനീയറിംഗ് കോളേജിൽ 1990-96 ബാച്ച് ക്ലാസ്‌മേറ്റ്സിനോടാണ്. അന്ന് ആർക്കിടെക്ചർ കോഴ്‌സ് പഠിച്ചിരുന്നവരുടെ കൂട്ടത്തിലെ 15 അംഗസംഘമാണ് ദാസന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
വസ്തുവിന്റെ മൂലയിലുണ്ടായിരുന്ന ടോയ്ലെറ്റ് പൊളിക്കാതെ അതിനെ പുതിയ വീടിനോട് ചേർത്തു കൊണ്ടുള്ളൊരു രൂപരേഖയാണ് തയ്യാറാക്കിയത്. ഒപ്പം പൊളിച്ചുമാറ്റുന്ന ഒറ്റമുറിയുടെ പുനരുപയോഗിക്കാവുന്ന ഭാഗങ്ങൾ ഒക്കെ ശേഖരിച്ച് ഉപയോഗപ്പെടുത്തി. 15 പേർ തന്നെയായിരുന്നു രൂപകല്പനയും നിർമ്മാണവും എല്ലാം.
ഈ വർഷം ജൂൺ ആദ്യവാരം തറക്കല്ലിട്ട് തുടക്കം കുറിച്ചു. കൂട്ടത്തിലെ എറണാകുളം സ്വദേശികളായ ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസ് ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ആർക്കിടെക്ട് ഫ്രാങ്ക് ആന്റണി നിർമ്മാണ പ്രവൃത്തികൾക്കും നേരിട്ട് മേൽനോട്ടം വഹിച്ചു. ഗൃഹനാഥൻ ദാസൻ മേസ്തിരിയായും കൂടി.
നാലു മാസങ്ങൾക്കിപ്പുറം ഇന്ന് ആ കുടുംബത്തിന് രണ്ട് നിലകളിലായി അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉള്ള ഒരു വീട് തരമായി. താക്കോൽ കൈമാറിയപ്പോൾ സൗഹൃദസംഘത്തിന് ഏറെ അഭിമാനവും സന്തോഷവും. അടിസ്ഥാനമായി ബാംബൂ പൈൽ, അതിനു മുകളിൽ കോണ്ക്രീറ്റ് ഫുട്ടിങ്ങ്, പ്ലിന്ത് ബീമുകൾ. സിമന്റ് ബ്‌ളോക്ക്, ഇഷ്ടിക, മേച്ചിൽ ഓട്, കോണ്ക്രീറ്റ് വാതിൽ, ജനൽ പടികൾ, അലൂമിനിയം ജനാല പാളികൾ, വിട്രിഫൈഡ് ടൈൽസ് ഉൾപ്പടെ ചിലവായത് അഞ്ചേകാൽ ലക്ഷം രൂപ.
''ഞങ്ങൾ ക്ലാസ്‌മേറ്റ്സ് ആറു പെണ്ണുങ്ങളും ബാക്കി ആണുങ്ങളും ചേർന്നാണ് ഇത് ചെയ്തത്. എല്ലാവരും പ്രശസ്തരായ ആർക്കിടെക്ടുകളാണ്. അർഹതപെട്ട ആളെയാണ് തിരഞ്ഞെടുത്തത്. അവരുടെ വലിയ സ്വപ്നമായിരുന്നു സാക്ഷാത്കരിച്ചത്. ആ അമ്മയെ കൊണ്ടാണ് നാട മുറിപ്പിച്ചത്''
-ആർക്കിടെക്ട് അലിഫ് (സംഘാംഗം)