sweets

ഉള്ളൂർ: ദുരൂഹസാഹചര്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 13കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക് ടോക് വഴി പരിചയപ്പെട്ട യുവാക്കൾ നൽകിയ വസ്തു കഴിച്ച് ബോധം നഷ്ടപ്പെട്ടെന്നാണ് പെൺകുട്ടി പറയുന്നത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പട്ടം മരപ്പാലത്തിന് സമീപമാണ് സംഭവം. അജ്ഞാത വസ്തു നുണഞ്ഞ പെൺകുട്ടി കുഴഞ്ഞ് വീണതോടെ യുവാക്കൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

പെൺകുട്ടി നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് . എന്താണ് നൽകിയതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.കുടുംബശ്രീക്ക് പോയി വന്ന പെൺകുട്ടിയുടെ അമ്മ കുട്ടിയെ കാണാതായതോടെ അന്വേഷിക്കുകയും തൊട്ടടുത്തുണ്ടായിരുന്ന ഇലക്ഷൻ സ്ക്വഡ് പ്രവർത്തകരുമായി എത്തിയപ്പോൾ വീടിനടുത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.