. പി.യു ചിത്രയ്ക്ക് ഇരട്ട സ്വർണം
. റെയിൽവേസിന് ചാമ്പ്യൻഷിപ്പ്
റാഞ്ചി : ദേശീയ ഒാപ്പൺ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണത്തിന്റെ തിളക്കവുമായി മലയാളി താരം പി.യു. ചിത്രയും സ്‌പ്രിന്റ് റാണി ദ്യുതി ചന്ദും. ഇന്നലെ റാഞ്ചിയിൽ സമാപിച്ച മീറ്റിൽ പതിവുപോലെ റെയിൽവേസ് ചാമ്പ്യൻമാരായപ്പോൾ ഒ.എൻ.ജി.സി രണ്ടാമതെത്തി.
കഴിഞ്ഞദിവസം 1500 മീറ്ററിൽ സ്വർണം നേടിയിരുന്ന ചിത്ര അവസാന ദിവസമായ ഇന്നലെ 800 മീറ്ററിലാണ് ഒന്നാമതെത്തിയത്. 2 മിനിട്ട് 04.59 സെക്കൻഡിലാണ് റെയിൽവേസിനായി മത്സരിച്ച ചിത്ര ഫിനിഷ് ചെയ്തത്. രണ്ടാംസ്ഥാനത്തെത്തിയ റെയിൽവേസിന്റെ തന്നെ ശില്പ സർക്കാർ 2 മിനിട്ട് 06.17 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
100 മീറ്ററിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടിയിരുന്ന ദ്യുതി ചന്ദ് ഇന്നലെ 200 മീറ്ററിലും സ്വർണം നേടി സ്‌പ്രിന്റ് ഡബിൾ തികച്ചു. 23.17 സെക്കൻഡിലാണ് ദ്യുതി ഒാടിയെത്തിയത്. ഇൗ സീസണിൽ 200 മീറ്ററിലെ മികച്ച സമയമാണിത്. തമിഴ്നാടിന്റെ അർച്ചന സുശീന്ദ്രൻ 23.41 സെക്കൻഡിൽ ഒാടിയെത്തി വെള്ളി സ്വന്തമാക്കി.
പുരുഷൻമാരുടെ 800 മീറ്ററിൽ സർവീസസിന്റെ മലയാളി താരം മുഹമ്മദ് അഫ്‌സലിനാണ് സ്വർണം. 1 മിനിട്ട് 50.88 സെക്കൻഡിലാണ് അഫ്സൽ ഫിനിഷ് ചെയ്തത്. ട്രിപ്പിൾ ജമ്പിൽ കാർത്തിക് ഉണ്ണികൃഷ്ണൻ (16.78 മീറ്റർ, സർവീസസ്), സ്വർണവും അബ്ദുള്ള അബൂബേക്കർ (16.55 മീറ്റർ, സർവീസസ്) വെള്ളിയും നേടി.
വനിതകളുടെ ഹൈജമ്പിൽ കേരളത്തിനായി മത്സരിച്ച ലിബിയ ഷാജി 1.70 മീറ്റർ ചാടി വെങ്കലത്തിലെത്തി. 1.76 മീറ്റർ ചാടിയ റെയിൽവേയ്സിന്റെ റുബിന യാദവിനാണ് സ്വർണം.