fff

നെയ്യാറ്റിൻകര: ഹൃദയാഘാതത്തെ തുടർന്ന് ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ കെ. ഗോപിക്ക് സ്നേഹാഞ്ജലിയുമായി നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ജീവനക്കാർ ഒത്തുചേർന്നു. തുടർന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുമായി ചേർന്ന് ഹൃദയപൂർവം ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്ക് സൗജന്യ ജീവിതശൈലി രോഗനിർണയം, ഹൃദ്രോഗ പരിശോധനകൾ, സൗജന്യ കൗൺസലിംഗ് എന്നിവ ഉണ്ടായിരിക്കും.

പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചീഫ് ട്രാഫിക് ഓഫീസർ സി. ഉദയകുമാർ, നിംസ് മെഡിസിറ്റി എം.ഡി ഫൈസൽഖാൻ, എ.ടി.ഒ പള്ളിച്ചൽ സജീവ്, കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് വൈസ് പ്രസിഡന്റ് സി.കെ. ജയചന്ദ്രൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. മോഹനൻ, ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് യൂണിറ്റ് ചീഫ് സജീവ്, അഡ്വ. മഞ്ചവിളാകം ജയൻ, എൻ.കെ. രഞ്ജിത്ത്, സജിൻ ലാൽ നായർ, ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പങ്കെടുത്തു. ഒൗദ്യോഗിക രംഗത്ത് മികവ് തെളിച്ച കണ്ടക്ടർ എസ്. ശ്യാമള, ഡ്രൈവർ അനുഷ് എൻ.എൽ. രാജ്, മുൻ മെക്കാനിക് സുധാകരൻ ആചാരി എന്നിവരെ ആദരിച്ചു.