lake-anjikuni

1930 നവംബർ മാസത്തിലെ മഞ്ഞ് പെയ്യുന്ന ഒരു രാത്രി. ആകാശത്ത് പൂർണ ചന്ദ്രൻ തെളിഞ്ഞു നിന്നു. കനേഡിയൻ വേട്ടക്കാരനായ ജോ ലാബെൽ തന്റെ യാത്രയ്‌ക്കിടെ ക്ഷീണിതനായി കാനഡയിലെ നുനാവുട്ടിലുള്ള അഞ്ചികുനി തടാകത്തിന്റെ കരയിലുള്ള അഞ്ചികുനി ഗ്രാമത്തിൽ എത്തി. ഇൻയൂട്ട് ഗോത്രവർഗക്കാർ ആയിരുന്നു ഇവിടെ വസിച്ചിരുന്നത്. തന്റെ യാത്രകൾക്കിടയിൽ മുമ്പും ജോ ഈ ഗ്രാമത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഇപ്രാവശ്യം ആ ഗ്രാമം ശൂന്യമായിരുന്നു. ഒരു മനുഷ്യനേയോ മറ്റു ജീവികളെയോ ജോയ്‌ക്ക് അവിടെ കാണാനായില്ല.

ഗ്രാമം മുഴുവൻ ജോ അരിച്ചു പെറുക്കി. വീടുകളിൽ ഭക്ഷണ സാമഗ്രികൾ, ഗ്രാമീണരുടെ വസ്ത്രങ്ങൾ, വെള്ളം നിറച്ച പാത്രങ്ങൾ, എസ്‌കിമോകൾ വേട്ടയ്‌ക്ക് ഉപയോഗിച്ചിരുന്ന റൈഫിളുകൾ തുടങ്ങിയവ ജോ കണ്ടു. മഞ്ഞ് പുതഞ്ഞ ആ മണ്ണിൽ ഒരു കാൽപാട് പോലും അവശേഷിച്ചിരുന്നില്ല. ജോ നൽകിയ വിവരത്തെ തുടർന്ന് പൊലീസെത്തി തെരച്ചിൽ നടത്തി. പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ലെങ്കിലും ഞെട്ടിക്കുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ഗ്രാമത്തിലെ ശ്‌മശാനത്തിലെ ചില കല്ലറകൾ ശൂന്യമായിരുന്നു! ഗ്രാമത്തിന് കുറച്ച് അകലെ പട്ടിണിക്കോലങ്ങളായ ഏഴ് നായകളെ ചത്തനിലയിലും കണ്ടെത്തി.

പ്രദേശത്ത് ഒരു നീലവെളിച്ചം കണ്ടെന്നും അത് പിന്നീട് ഇരുട്ടിലേക്ക് മറ‌ഞ്ഞെന്നും അടുത്ത ഗ്രാമത്തിലുള്ളവർ പറഞ്ഞു. നിരവധി അന്വേഷണങ്ങൾ ഇതുസംബന്ധിച്ചു നടന്നു. ഏകദേശം 2000 പേരാണ് അഞ്ചികുനി ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷമായതെന്നാണ് കരുതുന്നത്. ജോ ഗ്രാമത്തിൽ എത്തുന്നതിന് രണ്ട് മാസം മുമ്പെങ്കിലും ഗ്രാമീണർ ഗ്രാമം ഉപേക്ഷിച്ച് പോയിരിക്കാമെന്നാണ് നിഗമനം. എന്നാൽ, അവർ എവിടേക്കാണ് പോയതെന്ന് അറിയില്ല.

അതേസമയം, ഇത് വെറും തട്ടിപ്പായിരുന്നുവെന്നും വാദമുണ്ട്. ജോ ലാബെൽ ഇതിന് മുമ്പ് ഇവിടെ എത്തിയിട്ടില്ലെന്നും അയാൾ കളവ് പറ‌യുന്നതാണെന്നും ചിലർ പറയുന്നു. ഗ്രാമത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് ജോയ്ക്ക് ശരിക്കും അറിയുകയുമില്ല. പക്ഷേ, അഞ്ചികുനി ഗ്രാമത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ ഭക്ഷണ സാമഗ്രികളും തുണികളും പൊലീസ് കണ്ടെത്തിയിരുന്നു. അങ്ങനെയെങ്കിൽ അവിടെ ഉണ്ടായിരുന്നവർ എവിടെ ? ഇന്നേവരെ അതിനൊരുത്തരം കണ്ടെത്താൻ കഴി‌ഞ്ഞിട്ടില്ല.