കടയ്ക്കാവൂർ: നാടകാചാര്യനും നാടക രംഗത്തെ കുലപതിയുമായ കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കർക്ക് ജന്മനാട്ടിലൊരു സ്മാരകം എന്നത് ഇനിയും നടപ്പാക്കാത്ത സ്വപ്നമായി തുടരുന്നു. 1890 മേയ് 25ന് ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂരിൽ തെക്കുംഭാഗത്ത് പരുത്തിവിളാകം വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

പച്ചാേല മെടഞ്ഞു നിർമ്മിച്ച ഓലപ്പുരകളിൽ റാന്തൽ വിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ ഉച്ചഭാഷിണികൾ ഇല്ലാതെ തൊണ്ട പൊട്ടുമാറുച്ചത്തിൽ സംഗീതാലാപനം ചെയ്ത് നാടകം കളിച്ചിരുന്ന കാലത്ത് മലയാള നാടക തറവാടിന് അടിത്തറ പാകിയ കടയ്ക്കാവൂർ കുഞ്ഞികൃഷ്ണ പണിക്കർക്കായി നമ്മൾ ഒന്നും ചെയ്തില്ലെന്നത് അദ്ദേഹത്തോടുള്ള അനാദരവ് തന്നെയാണ്.

നവരസ ഭാവങ്ങളുതിരുന്ന മോഹിനിയാട്ടവും കഥകളിയും തെയ്യവും തിറയുമെല്ലാം അവതരിപ്പിക്കുന്നതിൽ പണിക്കർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. യൗവനത്തിൽ കടൽ കടന്നെത്തിയ പോർച്ചുഗീസ് സുഹൃത്തുക്കളുമായി ചേർന്ന് നാടകരംഗം സജീവമാക്കി.

ഒരുകാലത്ത് കുത്തഴിഞ്ഞ് കിടന്ന് മലയാള നാടകരംഗത്തിന് അടുക്കും ചിട്ടയും പകർന്ന് നൽകാൻ എസ്.എസ് നടനസഭ വഹിച്ച പങ്ക് വലുതാണ്. കുഞ്ഞികൃഷ്ണ പണിക്കരുടെ കാലശേഷം പ്രവർത്തനരഹിതമായിരുന്ന എസ്.എസ് നടനസഭ കടയ്ക്കാവൂർ അജയബോസിന്റെയും വെട്ടത്ത് വ്യാസന്റെയും നേതൃത്വത്തിൽ പുതിയ നാടകങ്ങളുമായി കീഴ്വഴക്കങ്ങളോടെ രംഗത്ത് എത്തിയിരിക്കുകയാണ്. അപ്പോഴും നാടകാചാര്യനുവേണ്ടി അധികൃതർ എന്തു ചെയ്തു എന്ന ചോദ്യം മാത്രം ബാക്കിയാണ്.

v