ഗായിക, ബിസിനസുകാരി, ഫാഷൻ ഡിസൈനർ, മോഡൽ... ഇങ്ങനെ നീളുന്നു മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാമിന്റെ റോളുകൾ. നാല് കുട്ടികളുടെ അമ്മയായ വിക്ടോറിയയ്‌ക്ക് ഇപ്പോൾ പ്രായം 45 ആയി. പക്ഷേ, ഇന്നും വിക്ടോറിയയെ കണ്ടാൽ 90കളിൽ സ്‌പൈസ് ഗേൾസ് ബാൻഡിൽ തിളങ്ങി നിന്നിരുന്ന കാലഘട്ടമാണ് ഓർമ വരിക. ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. വിക്ടോറിയ ഇപ്പോഴും ഇത്ര 'യംഗ് ' ആയി ഇരിക്കുന്നതിന്റെ രഹസ്യമെന്താണെന്നറിയാമോ ?. റെഡ് വൈനും ടെക്വീലയുമാണ് വിക്ടോറിയയുടെ ആരോഗ്യത്തിന്റെ സീക്രട്ട്. വിക്ടോറിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
' എപ്പോഴും പൂർണ ആരോഗ്യവതിയായിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ട്. നാല് മക്കളുള്ള തനിക്ക് തിരക്ക് പിടിച്ച ജീവിതമാണ്. ഇതിനിടെയിൽ ഫിറ്റായി ഇരിക്കാൻ താൻ ഏറെ പണിപ്പെടുന്നുണ്ട്. ഫ്രഷ് മത്സ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് തന്റെ പ്രധാന ആഹാരം. പിന്നെ ശരിക്കും വെള്ളവും കുടിക്കും. ഇതിനെ ബാലൻസ് ചെയ്‌ത് നിറുത്താൻ കുറച്ച് റെഡ് വൈനും ടെക്വീലയും കുടിക്കും. ഇത്രയൊക്കെ ചെയ്യുന്നതിനോടൊപ്പം തന്നെ വർക്ക് ഔട്ട് ചെയ്യുന്നതും ഏറെ പ്രധാനമാണ്. ' വിക്ടോറിയ പറയുന്നു.
ഉറങ്ങാൻ പോകുമ്പോൾ ഒരിക്കലും മേക്കപ്പ് ധരിക്കരുതെന്നാണ് ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ വിക്ടോറിയയ്ക്ക് പറയാനുള്ള ഉപദേശം. മുഖം തിളക്കത്തോടെ നിലനിറുത്താൻ ഉയർന്ന നിലവാരമുള്ള മോയിസ്ച്യുറസൈറുകളുടെ ഉപയോഗം വളരെ പ്രധാനമാണെന്നും വിക്ടോറിയ ഓർമിപ്പിക്കുന്നു.
മോശം മേക്കപ്പിന്റെയും കോസ്‌റ്റ്യൂമിന്റെയും പേരിൽ മുമ്പ് കുറേ പഴി കേട്ടിട്ടുണ്ടെങ്കിലും സ്‌പൈസ് ഗേൾസ് ബാൻഡ് സംഘം പ്രസിദ്ധമായ നാൾ മുതൽ ഫാഷൻ ലോകത്തെ സൂപ്പർ സ്‌റ്റാറാണ് വിക്ടോറിയ. പഴയ ഫോട്ടോകൾ കാണുമ്പോൾ തനിക്കിപ്പോൾ ചിരി വരാറുണ്ടെന്നും എങ്കിലും അതാണ് തന്നെ ശരിയായ കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചതെന്നും വിക്ടോറിയ കൂട്ടിച്ചേർത്തു.