സാമ്പത്തിക പ്രയാസം മുൻനിറുത്തി സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി പോലും വെട്ടിച്ചുരുക്കാൻ ആലോചിക്കുന്ന സർക്കാർ മറ്റൊരു വശത്തു നടക്കുന്ന ധൂർത്തും അനാവശ്യ ചെലവുകളും കണ്ടില്ലെന്നു നടിക്കുന്നു. ഓഫീസുകളിൽ തീർപ്പാകാൻ മാസങ്ങളായി കാത്തുകിടക്കുന്ന ഫയലുകൾ ലക്ഷക്കണക്കിനാണ്. ഉദ്യോഗസ്ഥന്മാരുടെ കുറവല്ല അതിനു കാരണം. ഫയൽ നീക്കം കൃത്യമായും സുഗമമായും നടക്കാത്തതാണു പ്രശ്നം. അതേസമയം ഒരു ജോലിയുമില്ലാതെ മുറയ്‌ക്ക് ശമ്പളവും മറ്റ് സർവ ആനുകൂല്യങ്ങളും പറ്റി സുഖജീവിതം നയിക്കുന്നവർ സർക്കാർ സർവീസിൽ എത്ര വേണമെങ്കിലുമുണ്ടുതാനും. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മറവിൽ
നാലുവർഷമായി ഒരു പണിയും ചെയ്യാതെ ഇങ്ങനെ ശമ്പളം പറ്റി സർക്കാരിനെ മുടിപ്പിക്കുന്ന ഒരുസംഘം ഉദ്യോഗസ്ഥരെക്കുറിച്ച് കഴിഞ്ഞ ദിവസം ഞങ്ങൾ വാർത്ത നൽകിയിരുന്നു. 1997ൽ തുടങ്ങിയ ജപ്പാൻ കുടിവെള്ള പദ്ധതിക്കുവേണ്ടി ജലഭവനിൽ തുറന്ന പ്രോജക്ട് ഓഫീസ് വായ്പാ കാലാവധി പോലും കഴിഞ്ഞ് നാലുവർഷമായിട്ടും ഇപ്പോഴും 'പ്രവർത്തിച്ചു"കൊണ്ടിരിക്കുകയാണത്രെ. എൻജിനീയർമാരടക്കം 22 ഉദ്യോഗസ്ഥരാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ നാലുവർഷം ഇവരെ പോറ്റാൻ വേണ്ടി പത്തുകോടിയോളം രൂപ പൊതുഖജനാവിൽ നിന്ന് ചെലവിട്ടുകഴിഞ്ഞു. ജലഭവനിൽ ഇങ്ങനെയൊരു പ്രോജക്ട് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ഉത്തരവാദപ്പെട്ട മേലുദ്യോഗസ്ഥർ അറിയാത്തതോ, അറിഞ്ഞിട്ടും ഉപേക്ഷ കാണിക്കുന്നതോ എന്നു നിശ്ചയമില്ല. ഏതായാലും പണിയൊന്നും ചെയ്യാതെ വെറുതേ വന്നുപോകുന്നതിലെ സുഖമറിഞ്ഞ് കുറെ ഉദ്യോഗസ്ഥർ സർക്കാർ എന്ന വെള്ളാനയുടെ പുറത്ത് ഇപ്പോഴുമുണ്ട്.
നാട് ഒന്നടങ്കം കുടിനീരെത്തിക്കാനായി രണ്ടു ദശകങ്ങൾക്കുമുമ്പ് തുടക്കമിട്ട ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വായ്പ നൽകിയത് ജപ്പാന്റെ ഇന്റർനാഷണൽ കോ - ഓപറേഷൻ ഏജൻസിയാണ് (ജിക്ക). 2015-നകം പദ്ധതി പൂർത്തീകരിക്കണമെന്ന കരാർ പാലിക്കാൻ വാട്ടർ അതോറിട്ടിക്ക് സാധിച്ചില്ല. പണി പിന്നെയും ശേഷിച്ചതിനാൽ സർക്കാരിന്റെ പ്ളാൻ ഫണ്ട് വേണ്ടിവന്നു പദ്ധതി പ്രകാരമുള്ള പണികൾ മുഴുമിപ്പിക്കാൻ. കോടാനുകോടികൾ പദ്ധതിക്കായി ചെലവഴിച്ചിട്ടും ജപ്പാൻ കുടിവെള്ളം എത്തേണ്ടിടത്തെല്ലാം എത്തിയോ എന്നു ചോദിച്ചാൽ ഉറപ്പിച്ച് ഒരു ഉത്തരം നൽകാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. തിരുവനന്തപുരം നഗരപ്രദേശങ്ങളിൽ പോലും ജപ്പാൻ കുടിവെള്ള വിതരണം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ്. അതുപോലും പലപ്പോഴും മുടങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. മൂവായിരം കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതിയുടെ ഗുണഫലം ലക്ഷ്യമിട്ടതുപോലെ അനുഭവവേദ്യമായോ എന്നും സംശയമാണ്.
ഔപചാരികമായെങ്കിലും പദ്ധതി കമ്മിഷൻ ചെയ്ത ശേഷവും അതിനുവേണ്ടി ആരംഭിച്ച പ്രോജക്ട് ഓഫീസ് ദീർഘകാലം നിലനിറുത്തേണ്ട ആവശ്യമില്ല. അവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ സ്വാർത്ഥതാത്‌പര്യം മാത്രമാണ് ഈയൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചത്. പ്രോജക്ട് ഓഫീസ് നിറുത്തലാക്കുന്നതോടെ മറ്റിടങ്ങളിലേക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നു വ്യക്തം. പൊതുമുതൽ ഇത്തരത്തിൽ പാഴായിപ്പോകുന്നത് കാണാനോ തടയിടാനോ ആരുമില്ലാതായിപ്പോയി. ജോലിയൊന്നുമില്ലാതെ തനിക്കു കീഴിൽ ഇരുപതിലധികം പേർ ശമ്പളം പറ്റുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ച് മേൽ നടപടി എടുപ്പിക്കാൻ ഓഫീസിന്റെ ചുമതലയുള്ള ചീഫ് എൻജിനിയറും നടപടി എടുത്തില്ലെന്നതാണ് ഏറെ ഗൗരവമായി കാണേണ്ടത്.
ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ വാട്ടർ അതോറിട്ടി ആസ്ഥാനമായ ജലഭവനിലെ 'ജിക്ക" പ്രോജക്ട് ഓഫീസ് പോലെ ദുർവ്യയത്തിനു വാതിൽ തുറന്നിട്ടിട്ടുള്ള എത്രയെങ്കിലും സർക്കാർ സംരംഭങ്ങൾ കാണാനാവും. കഴിഞ്ഞ ദിവസം തന്നെ ഞങ്ങൾ പ്രസിദ്ധീകരിച്ച മറ്റൊരു വാർത്ത പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടിൽ അഞ്ചുമാസമായി അനാഥമായി കിടക്കുന്ന ആറ് പുതിയ ആംബുലൻസുകളെക്കുറിച്ച് പറഞ്ഞിരുന്നു. ഒന്നേകാൽ കോടി രൂപ മുടക്കി വാങ്ങിയ ഈ ആംബുലൻസുകൾ ഇതിനകം എത്രയോ രോഗികൾക്ക് ഉപകാരപ്പെടേണ്ടതായിരുന്നു. 'ആർദ്രം" പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കായി വാങ്ങിയ ആംബുലൻസുകൾ മാസങ്ങൾ കഴിഞ്ഞിട്ടും രജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ല.
ഗുരുതരമായ ഈ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദികൾ എന്നറിയില്ല. ആരായാലും കൊടും ക്രൂരത തന്നെയാണത്. നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാത്ത ആശുപത്രി മന്ദിരങ്ങൾ, ലാബുകൾ, മറ്റു മന്ദിരങ്ങൾ എന്നിങ്ങനെ അനാസ്ഥയ്ക്ക് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. സർക്കാർ കാര്യം മുറപോലെ എന്നു പറയാറുണ്ടെങ്കിലും ഇതുപോലുള്ള ദുർവ്യയങ്ങളും ഉദാസീന സമീപനവും താങ്ങാനാവുന്നതിനുമപ്പുറത്താണ്. ആറുമാസംകൊണ്ടു പൂർത്തീകരിക്കാനാവുന്ന പ്രവൃത്തിക്ക് അതിന്റെ നാലിരട്ടിയോ അതിലധികമോ കാലം വേണ്ടിവരുന്നതു തന്നെ ദുർവ്യയമാണ്. പക്ഷേ അത്തരത്തിലാണ് എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. പണമില്ലാത്തതിനാൽ വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്ന പദ്ധതികളിൽ കുറെയൊക്കെ ഉപേക്ഷിക്കാൻ പോവുകയാണ്. സാമ്പത്തിക വർഷം തുടങ്ങി ഏഴുമാസമായിട്ടും പദ്ധതി അടങ്കലിന്റെ ഇരുപതു ശതമാനമാണ് ചെലവഴിച്ചത്. ശേഷിക്കുന്ന മാസങ്ങളിൽ വേണം ശേഷിക്കുന്ന തുക മുഴുവൻ വിനിയോഗിക്കാൻ. എല്ലാ വർഷവും ഇതാണു സ്ഥിതി.