kavalloor

തിരുവനന്തപുരം:അന്തരിച്ച എ.ഐ.സി.സി.അംഗവും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധുവിന് തലസ്ഥാന നഗരിയുടെ അന്ത്യാഞ്ജലി.ഇന്നലെ രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാര ചടങ്ങ് നടന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ള പ്രമുഖർ മധുവിന് അന്ത്യോപചാരമർപ്പിച്ചു. രാവിലെ സ്വവസതിയിൽ പൊതു ദർശനത്തിന് വച്ച ശേഷം 9.10 ഓടെ വിലാപയാത്രയായാണ് മൃതദേഹം ഡി.സി.സി ആസ്ഥാനത്ത് എത്തിച്ചത്. 10.30 വരെ പൊതുദർശനത്തിന് വച്ച ശേഷം തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം.വിൻസെന്റ് , കെ.എസ്.ശബരീനാഥ്,കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, തമ്പാനൂർ രവി, ടി.ശരത്ചന്ദ്രപ്രസാദ്, പത്മജാവേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,എൻ.ശക്തൻ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, പന്തളം സുധാകരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ഡെയ്സി ജേക്കബ്, ബാബു ദിവാകരൻ, കെ.വിദ്യാധരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.