കല്ലമ്പലം: നിത്യേന നൂറിൽപ്പരം കാൽ നടയാത്രികരും, അമ്പതിലേറെ ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന നാവായിക്കുളത്തെ വൈരമല - തെങ്ങുവിളാകം പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞു. പാലം ദ്രവിച്ച് കമ്പികൾ ഇളകി വീണുകൊണ്ടിരിക്കുന്നു. ഇരു ചക്ര വാഹനങ്ങളും മറ്റും കടന്നുപോകുമ്പോൾ ആടുന്ന പാലം ഏതു നിമിഷവും തകർന്നു വീഴാം. രക്ഷിക്കണേ എന്നൊരു വിളിക്ക് പരിസരവാസികൾ കതോർക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അവഗണനയാണ്. കാലവർഷമായാൽ വെള്ളത്തിന്റെ കുത്തൊഴുക്കാണ്. ഭരണിക്കാവ് - തട്ടുപാലം തോടുമായി ചേർന്ന് അയിരൂർ പുഴയിൽ പതിക്കുന്ന തോടാണിത്. തുലാവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് നിരവധി തവണ പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.