കാട്ടാക്കട: കൈയേറ്റം തകൃതിയായിട്ടും അധികൃതരുടെ മൗനത്തിനറുതിയില്ല. കാട്ടാക്കടയിലും സമീപത്തുമാണ് വഴിനടക്കാനാകാത്ത വിധം റോഡ് കൈയേറിയത്. കാട്ടാക്കടയിൽ റോഡ് കൈയേറി വഴിവാണിഭം പൊടി പൊടിക്കുകയാണ്. കാൽനടയാത്രാക്കാർക്ക് വഴിനടക്കാൻ പോലുമാകാത്ത അവസ്ഥ. കാട്ടാക്കടയിലും പരിസരങ്ങളിലും ദിവസം കഴിയുതോറും റോഡുകളുടെ വീതി കുറയുകയാണ്. റോഡിന്റെ ഇരുവശങ്ങും കൈയ്യേറി ഷെഡുകൾ കെട്ടിയാണ് കച്ചവടം. തട്ടുകടകൾ മുതൽ വസ്ത്രവ്യാപരകേന്ദ്രങ്ങൾ വരെ റോഡ് കീഴടക്കിക്കഴിഞ്ഞു.
എന്നാൽ പി.ഡബ്ലിയു.ഡി.ഉദ്യോഗസ്ഥരോ പഞ്ചായത്ത് അധികൃതരോ ഇതൊന്നും കണ്ട മട്ടില്ല.
മാസങ്ങൾക്ക് മുൻപ് തഹസിൽദാർ യോഗം വിളിച്ചെങ്കിലും അന്നത്തെ തഹസിൽദാർ മാറിയതോടെ ആവിഷ്ക്കരിച്ച പദ്ധതികളും പാളി. തുടർ നടപടികളില്ലാതെപോയതോടെയാണ് പദ്ധതികൾ പാളിയത്. പൂവച്ചൽ, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളാണ് കാട്ടാക്കട പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത്. ഇതിന് വഴിയോരകച്ചവടവും റോഡ് കൈയേറ്റവും ഒഴിപ്പിക്കണം. എന്നാൽ ഈ പരിപാടി നടത്തേണ്ടവർ തന്നെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഒപ്പം അനധികൃത വാഹന പാർക്കിംഗും കച്ചവടവും നിയന്ത്രിക്കേണ്ട പൊലീസും നടപടി സ്വീകരിക്കുന്നില്ല. ടൗണിൽ പാർക്കിംഗിന് സൗകര്യമുള്ള സ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങൾ തിരിച്ചു തന്നാൽ മാത്രമേ കർശനമായി ഇടപെടാനാകൂ എന്നാണ് പൊലീസ് പറയുന്നത്. അതുപോലെ ഗതാഗതത്തിന് വഴിമുടക്കി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റണമെന്ന് തീരുമാനവും എങ്ങുമെത്തിയില്ല.