പാറശാല: അനധികൃതമായി ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ അധികൃതർ നടപടികൾ സ്വീകരിക്കുക, ടാക്സി തൊഴിലാളികൾക്കെതിരെ കള്ളക്കേസ് എടുക്കുന്ന പൊലീസ് നടപടികൾ അവസാനിപ്പിക്കുക, വ്യാജ ടാക്സി ലോബികളുടെ ഭീഷണികളിൽ നിന്നും ടാക്സി ഡ്രൈവർമാർക്ക് സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാലയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഇടിച്ചക്കപ്ലാമൂട്ടിൽ നിന്നും ആരംഭിച്ച മാർച്ച് പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.ടി. ജോർജ്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ, കെ.ടി.ഡി.ഒ സംസ്ഥാന രക്ഷാധികാരി രാജേഷ് ചേർത്തല, പാറശാല മേഖല സെക്രട്ടറി ബൈജു സോണി, സംസ്ഥാന കമ്മിറ്റി അംഗം ബാബുലേയൻ എന്നിവർ സംസാരിച്ചു. പാറശാല സോൺ സെക്രട്ടറി ജോൺ പാറശാല സ്വാഗതവും പ്രസിഡന്റ് അനൂപ് നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ടാക്സി ഡ്രൈവർമാരായ നൂറ്റിയമ്പതോളം അംഗങ്ങൾ മാർച്ചിലും ധർണയിലും പങ്കെടുത്തു.