village

കിളിമാനൂർ: കിളിമാനൂർ - ആലംകോട് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് നഗരൂർ. എന്നാൽ നഗരൂർ ജംഗ്ഷനും കിലോമീറ്ററുകൾ അകലെയാണ് നഗരൂർ പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്നത്. ഇത് പോലാണ് ഇവിടത്തെ ഓരോ ഗവൺമെന്റ് ഓഫീസുകളും. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ക്ഷീര ഭവൻ, കെ.എസ്.ഇ.ബി, പൊലിസ് സ്റ്റേഷൻ തുടങ്ങി ഓഫീസുകളും കിലോ മീറ്ററുകൾ മാറിയാണ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ വിവിധ ആവശ്യങ്ങൾക്കായി നഗരൂർ പഞ്ചായത്തിലെ ജനങ്ങൾ നഗരൂർ ജംഗ്ഷനിൽ എത്തിയാൽ ഏറെ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ സ്ഥിരം ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ളവ ഒരു കെട്ടിടത്തിൽ കൊണ്ടുവരത്തക്കവിധം ഒരു മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആൽത്തറ മൂട്ടിൽ സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫിസ് പൊളിച്ച് പുതിയ ഓഫിസിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഇതു വരെ പണി ആരംഭിച്ചിട്ടില്ല. നിലവിൽ ഒരു വാടക വീട്ടിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പഴയ വില്ലേജ് ഓഫിസിന് സമീപത്തെ പുറമ്പോക്ക് ഭൂമി ഉൾപ്പെടെ ഏറ്റെടുത്ത് മിനി സിവിൽ സ്റ്റേഷൻ പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.