ആറ്റിങ്ങൽ: പച്ചക്കറിക്കടകളിൽ കയറിയാൽ ആകെയൊരു ടെൻഷനാണ്. മുന്നിൽ നിരത്തിയിരിക്കുന്ന പച്ചക്കറികളിൽ മായമുള്ളതേതാ അല്ലാത്തവ ഏതാ? എന്നത് നാം അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ്. ഈ വിപത്ത് പരിഹരിക്കുന്നതിനാണ് ഗ്രാമങ്ങൾ തോറും കർഷക കൂട്ടായ്മകൾ സംഘടിച്ചത്. മായമകറ്റി വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ മുഖ്യ അജൻഡ. കാരണം സർവതും മായം കലർന്നതോടെ നമ്മുടെ ആരോഗ്യവും തകരാറിലാകുന്ന സ്ഥിതിയായി. കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ ഇന്ന് സർവസാധാരണമായി. കൂടാതെ പലതരം പനികളും ചർമരോഗങ്ങളും കുടൽ സംബന്ധമായ അസുഖവും വ്യാപകമായതോടെയാണ് കർഷക കൂട്ടായ്മകൾ ഇതിനെതിരെ രംഗത്തെത്തിയത്. സംഘടിച്ച് വിഷമുക്തമായ പച്ചക്കറികളും കിഴങ്ങ് വിളകളും ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. തരിശ് പാടങ്ങൾ പാട്ടത്തിനെടുത്തും പണകൾ കോരിയും കൃഷി വ്യാപിപ്പിച്ചു. മാർക്കറ്റുകളിലും ഓണച്ചന്തകളിലുമൊക്കെ ഇത്തരം ശുദ്ധമായ പച്ചക്കറികൾ വിപണനം ചെയ്യാൻ സാധിച്ചു. ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ ബോധവത്കരണം നൽകാനൊരുങ്ങുകയാണ് ഈ കർഷക കൂട്ടായ്മകൾ.