solar

വർക്കല: ശിവഗിരി മഠത്തിനു മുന്നിലെ റോഡിൽ സ്ഥാപിച്ച സോളാർ വൈദ്യുതി വിളക്കുകൾ കത്താതായിട്ട് വർഷങ്ങൾ പിന്നിടുന്നു. 2013ൽ സംസ്ഥാന സർക്കാർ നഗരസഭകളിൽ അനർട്ട് മുഖേന സോളാർ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ വർക്കല നഗരസഭ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ശിവഗിരിയുടെ പ്രാധാന്യം കണക്കിലെടുത്ത് അനർട്ട് പ്രത്യേക താല്പര്യമെടുത്താണ് ഇവിടെ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.

അറ്റകുറ്റപ്പണികൾ നടത്താൻ പിന്നീട് അനർട്ടും വേണ്ടത്ര താല്പര്യം കാണിച്ചതുമില്ല. ലൈറ്റുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികളും വിവിധ സംഘടനകളും നിരവധി തവണ വർക്കല നഗരസഭ അധികൃതർക്കും അനർട്ടിനും പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സോളാർ ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുമെന്ന് ശിവഗിരി തീർത്ഥാടന ഒരുക്കങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗങ്ങളിൽ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും ഉറപ്പുകൾ നൽകുമെങ്കിലും ഇവ കത്താറില്ല. സോളാർ ലൈറ്റിനു പുറമെ ശിവഗിരി തൊടുവെ റോഡിലുള്ള കെ.എസ്.ഇ.ബിയുടെ തെരുവ് വിളക്കുകളിലധികവും കത്താറില്ല. കേടായ സാധനസാമഗ്രികൾ മാറ്റിയിടുന്നതിനുളള കാലതാമസമാണ് ഇതിനു കാരണമെന്ന് പറയപ്പെടുന്നു. രാത്രിയായാൽ ശിവഗിരി തുരപ്പ് മുതൽ തൊടുവെ റോഡിലെ പാലം വരെയുളള ഭാഗങ്ങൾ കൂരിരുട്ടിലുമാണ്. ജനപ്രതിനിധികൾ, ബന്ധപ്പെട്ട അധികൃതർ എന്നിവർ മുൻകൈയെടുത്ത് പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.