വിതുര: കടൽ വറ്റുന്ന കന്നിവെറി എന്ന പഴമൊഴിയെ മാറ്റി മറിച്ച് കന്നിമാസത്തിൽ പെയ്യുന്ന കനത്ത മഴ മലയോരമേഖലയിൽ വൻനാശനഷ്ടം വിതയ്ക്കുന്നു. ഒരാഴ്ചയായി ഉച്ചയ്ക്ക് ശേഷം പൊൻമുടി, ബോണക്കാട് മലയടിവാരത്ത് കനത്ത മഴ പെയ്യുന്നുണ്ട്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കനത്ത മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ നൂറുകണക്കിന് റബർ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. ഇവിടത്തെ റബർ മേഖലയിൽ മാത്രം അമ്പത് ലക്ഷത്തിൽപരം രൂപയുടെ നഷ്ടമുള്ളതായാണ് കണക്കുകൾ. കൃഷിനാശം സംഭവിച്ചവർ വില്ലേജോഫീസിലും പഞ്ചായത്തിലും കൃഷിഭവനിലും പരാതികൾ നൽകിയിട്ടുണ്ട്. ബാങ്കുകളിൽ നിന്നും മറ്റും ലോണെടുത്ത് പച്ചക്കറി, വാഴ, മരച്ചീനി കൃഷി നടത്തിയവർക്കും മഴ കനത്ത നഷ്ടമാണ് വിതച്ചത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് കൂടുതൽ പച്ചക്കറി കൃഷികൾ വെള്ളം കയറി നശിച്ചത്. കനത്ത മഴക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലേറ്റ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മണലി, ഒറ്റക്കുടി, കല്ലാർ, ബോണക്കാട്, പേപ്പാറ, പരപ്പാറ മേഖലകളിലായി എട്ട് വീടുകൾ തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി വീട് തകർന്നവർ അറിയിച്ചു. മഴയെ തുടർന്ന് നിർമ്മാണ, വ്യാപാര, കാർഷിക മേഖലകൾ സ്തംഭിച്ചു. റബർ ടാപ്പിംഗ് നടന്നിട്ട് ആഴ്ചകളായതിനാൽ ടാപ്പിംഗ് തൊഴിലാളികൾ പട്ടിണിയിലാണ്. മേയ് മാസത്തിൽ ആരംഭിച്ച മഴ ആറ് മാസമായിട്ടും ശമനമില്ലാതെ തുടരുകയാണ്. തുലാമാസത്തിലും മഴ തിമിർത്തുപെയ്താൽ സ്ഥിതിഗതികൾ പരിതാപകരമാകും. ഹികൾ.