തിരുവനന്തപുരം: സർക്കാർ ഉത്തരവുണ്ടായിട്ടും പി.എം.ജി ജംഗ്ഷൻ- പ്ലാമൂട് റോഡ് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടാത്തതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പി.എം.ജി ജംഗ്ഷൻ - നന്തൻകോട് റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് (നിരത്ത്) വിഭാഗം സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ പൊതുമരാമത്ത് ദേശീയപാതാ, നിരത്ത് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. പി.എം. ജിയിൽ നിന്ന് പ്ലാമൂട്ടിലേക്ക് പോകുന്ന റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പ്രധാന സമയങ്ങളിലെങ്കിലും പി.എം.ജി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ട്രാഫിക് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണമെന്നും ട്രാഫിക് (നോർത്ത്) അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. കേസ് നവംബർ 7 ന് വീണ്ടും പരിഗണിക്കും. പി.എം.ജി. ജംഗ്ഷനിലെ ഗതാഗത കുരുക്കിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. ട്രാഫിക്, പൊതുമരാമത്ത് വിഭാഗങ്ങളിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
പി.എം.ജി ജംഗ്ഷൻ ഭാഗത്തെ റോഡുകൾക്ക് വീതി വളരെ കുറവാണെന്ന് ട്രാഫിക് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. നന്തൻകോട് റോഡിന് വീതി വളരെ കുറവായതിനാൽ ഡിവൈഡറുകൾ സ്ഥാപിക്കാൻ കഴിയില്ല. പി.എം.ജി ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കാനുള്ള നിർദ്ദേശം സെക്ടർ ചുമതലയുളള എസ്.ഐക്ക് നൽകിയിട്ടുണ്ട്. കുന്നുകുഴിയിൽ നിന്നും നന്തൻകോട് നിന്നുമുളള റോഡുകൾ പി.എം.ജിയിൽ ദേശീയ പാതയിലൂടെ കടന്നുപോകുന്നത് കാരണമാണ് ഗതാഗതം നിയന്ത്റണാതീതമാകുന്നതെന്ന് പൊതുമരാമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ കുന്നുകുഴിയിലേക്കുള്ള റോഡിന് വീതിയുണ്ട്. നന്തൻകോട്ടേക്കുള്ള റോഡിന്റെ വീതി വളരെ കുറവാണ്. നന്തൻകോട് റോഡിന്റെ ഇരുവശങ്ങളിലും ജംഗ്ഷനിൽ നിന്ന് 100 മീറ്റർ വരെ വീതി കൂട്ടിയാൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പി.എം.ജി-പ്ലാമൂട് റോഡ് വീതികൂട്ടാൻ 10 വർഷം മുമ്പ് സർക്കാർ ഉത്തരവ് നിലവിലുണ്ടെന്ന് പരാതിക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായ രാഗംറഹിം കമ്മിഷനെ അറിയിച്ചു. കല്ലിടലും കഴിഞ്ഞു. എന്നാൽ പിന്നീട് പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞു നോക്കിയില്ല. പി.എം.ജി - പ്ലാമൂട് റോഡിലുള്ള പാർക്കിംഗ് കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും ഇവിടെ ട്രാഫിക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലെന്നും പരാതിക്കാരൻ അറിയിച്ചു.
മനുഷ്യാവകാശ കമ്മിഷന്റെ ഓഫീസ് പി.എം.ജി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്നതിനാൽ ഇവിടത്തെ പ്രയാസങ്ങൾ പലപ്പോഴും നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാട്ടി.