കിളിമാനൂർ: കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡിജിറ്റൽ എക്സറേ - യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഇവിടെ പ്രവർത്തിച്ചിരുന്ന എക്സ് റേ യൂണിറ്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായിരുന്നു. ഇവിടെയെത്തുന്ന രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിച്ചിരുന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഒന്നാണ് കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ. ദിവസേന നൂറു കണക്കിന് രോഗികൾ എത്തുന്ന ഇവിടെ എക്സറേ - യൂണിറ്റ് ഇല്ലാതിരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തും, എം.എൽ.എയും അടിയന്തരമായി ഇടപെടുകയും കരാറുകാരനെ കൊണ്ട് പണി പൂർത്തിയാക്കുകയുമായിരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സറേ - യൂണിറ്റിന്റെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു, ബ്ലോക്ക് ക്ഷേമകാര്യ അദ്ധ്യക്ഷ ബേബി സുധ, നഗരൂർ പഞ്ചായത്ത് വികസന കമ്മിറ്റി അദ്ധ്യക്ഷൻ അനിൽകുമാർ, ലതിക കുമാരി, ബ്ലോക്ക് അംഗങ്ങളായ ഹരികൃഷ്ണൻ നായർ, യഹിയ മെഡിക്കൽ ഓഫീസർ ഷാജി എന്നിവർ പങ്കെടുത്തു.