കല്ലറ: പത്ത് വർഷം മുമ്പ് ഏഴാം ക്ലാസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത തെളിയിക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് പരിശോധിച്ചു. ഭരതന്നൂർ രാമരശ്ശേരി വിജയ വിലാസത്തിൽ ആദർശ് വിജയന്റെ (14) കല്ലറയാണ് തുറന്നത്. ഇന്നലെ രാവിലെ പത്തിനാണ് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചത്. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ, പൊലീസ് സർജൻ ഡോ. ശശികല, ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തലയോട്ടി, കാലിലെയും കൈയിലെയും എല്ലുകൾ, പല്ലുകൾ തുടങ്ങിയവ ശാസ്ത്രീയ തെളിവുകൾക്കായി കൊണ്ടുപോയി.
2009 ഏപ്രിൽ അഞ്ചിനാണ് ആദർശ് വിജയന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. റീ പോസ്റ്റുമോർട്ടവും ഡി.എൻ.എ പരിശോധനയും കഴിയുമ്പോൾ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചേക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണൻ പറഞ്ഞു.
അന്നുണ്ടായത് ഇങ്ങനെ
വൈകിട്ട് നാലിന് വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയപ്പോഴാണ് ആദർശിനെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തി. കേസന്വേഷിച്ച ലോക്കൽ പൊലീസ് സംഭവം മുങ്ങിമരണമെന്ന് വിധിയെഴുതി. എന്നാൽ കുട്ടിയുടെ തലയിലേറ്റ ശക്തമായ അടിയാകാം മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നട്ടെല്ലിന് ക്ഷതമേറ്റെന്നും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം വൈകിട്ട് സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നെങ്കിലും കുളക്കരയിൽ കണ്ടെത്തിയ കുട്ടിയുടെ പാന്റും ചെരുപ്പും നനഞ്ഞിരുന്നില്ല. പാന്റിൽ രക്തക്കറയും ബീജത്തിന്റെ അവശിഷ്ടവുമുണ്ടായിരുന്നു. മറ്റെവിടെയോ വച്ച് കൊന്ന ശേഷം മൃതദേഹം കുളത്തിൽ കൊണ്ടിട്ടതാകാം എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.