തിരുവനന്തപുരം: കേസന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതിന് കേന്ദ്ര പഴ്സണൽ മന്ത്രാലയം ഏകജാലക സംവിധാനം ഏർപ്പെടുത്തി.എന്തിനും ഏതിനും സി.ബി.ഐ അന്വേഷണത്തിനുള്ള ശുപാർശകൾ കൂമ്പാരമായതോടെയാണിത്.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷൻ-6 പ്രകാരം സംസ്ഥാനങ്ങൾക്ക് പ്രധാനപ്പെട്ട ഏത് കേസിന്റെയും അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി വിജ്ഞാപനമിറക്കാം. ഇതെല്ലാം നേരിട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയായിരുന്നു പതിവ്. ഇതിൽ ചെറിയ ശതമാനം കേസുകൾ പോലും സി.ബി.ഐ ഏറ്റെടുക്കാറില്ല. ഏറെക്കാലം കഴിഞ്ഞാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ അറിയിക്കുക. സി.ബി.ഐയ്ക്ക് കൈമാറിയ വിജ്ഞാപനമുള്ളതിനാൽ പൊലീസിന്റെ അന്വേഷണവും നിലയ്ക്കും. ഇതൊഴിവാക്കാനാണ് ഏകജാലക സംവിധാനം. രണ്ടുഡസനിലേറെ കേസുകൾ കേരളത്തിൽ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണങ്ങളും സി.ബി.ഐ അന്വേഷണത്തിന് കൈമാറാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ട്രാവൻകൂർ ടൈറ്റാനിയം അടക്കമുള്ള അഴിമതിക്കേസുകളും സി.ബി.ഐയ്ക്ക് വിട്ടു. എട്ട് രാഷ്ട്രീയ കൊലക്കേസുകളിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കേസുകളുണ്ട്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദൂരൂഹമരണവും സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ഡി.ജി.പി ലോക്നാഥ്ബെഹറ സർക്കാരിന് ശുപാർശ നൽകി. ഇടുക്കിയിലെ രാജ്കുമാർ കസ്റ്റഡിമരണക്കേസിന്റെ അന്വേഷണം കൈമാറിയുള്ള വിജ്ഞാപനം അയച്ചപ്പോഴാണ് ഏകജാലകസംവിധാനത്തെക്കുറിച്ച് കേന്ദ്രം അറിയിച്ചത്. അന്വേഷണ ശുപാർശ സ്വീകരിക്കണമെങ്കിൽ അണ്ടർ സെക്രട്ടറിയിൽ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥനെ രേഖകളുമായി കേന്ദ്രത്തിലയച്ച് കാര്യങ്ങൾ വിശദീകരിക്കണം. സി.ബി.ഐ അന്വേഷണത്തിനുള്ള പ്രാധാന്യവും സാഹചര്യവും വിശദമാക്കണം. കേസ് ഏറ്റെടുക്കുന്നില്ലെങ്കിൽ ഉടൻ അറിയിക്കും.
എന്തിനും വേണം സി.ബി.ഐ
ടി.പിവധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് യു.ഡി.എഫ് സർക്കാർ ആവശ്യപ്പെട്ടിരുന്നു
കരിമണൽ കള്ളക്കടത്തുകാരൻ വൈകുണ്‌ഠരാജന്റെ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിനും ശുപാർശ
ബാർകോഴയിൽ ബിജുരമേശിന്റെ ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് വി.എസിന്റെ ഹർജി
ദേശീയഗെയിംസിലെ അഴിമതി അന്വേഷിക്കണമെന്ന് വി. ശിവൻകുട്ടിയുടെ ആവശ്യത്തിൽ മൊഴിയെടുത്തു
സൗദിഅറേബ്യയിൽ ജോലി വാഗ്ദാനംചെയ്ത് ശ്രീലങ്കയിലെത്തിച്ച് യുവാവിന്റെ വൃക്ക നീക്കംചെയ്ത സംഭവം
കോഴിക്കോട് മെഡിക്കൽ കോളേജിലെ മലിനജല ശുചീകരണ പ്ലാന്റ് നവീകരണത്തിലെ ക്രമക്കേട്
കൊച്ചിയിൽ നടി ആക്രമക്കപ്പെട്ട കേസിൽ സി.ബി.ഐ വേണമെന്ന് ആഭ്യന്തരസെക്രട്ടറിയോട് നടൻ ദിലീപ്
സ്വാമി ഗംഗേശാനന്ദ തീർത്ഥപാദരുടെ ലിംഗച്ഛേദം നടത്തിയത് അന്വേഷിക്കണമെന്ന് നിയമവിദ്യാർത്ഥിനി
സർക്കാരിന്റെ സി.ബി.ഐ വിരോധം തീർന്നു
സി.ബി.ഐക്ക് റസ്റ്റ്ഹൗസുകളിൽ ക്യാമ്പ് ഓഫീസ് തുറക്കാനും താമസിക്കാനും വാടകയീടാക്കേണ്ടെന്ന് 2014 ആഗസ്റ്റിൽ യു.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവ് എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു.
എറണാകുളം പി.ഡബ്ളിയു.ഡി റസ്റ്റ്ഹൗസിൽ വാടകക്കുടിശിക വരുത്തിയതിന് സി.ബി.ഐ എസ്.പിയെ പ്രതിയാക്കി മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.
തലശേരി, വടകര, കൊല്ലം റസ്റ്റ്ഹൗസുകളിലെ മുറിവാടകയിനത്തിൽ 9.49 ലക്ഷം ഈടാക്കണമെന്ന് വിജിലൻസ് സ്‌പെഷ്യൽസെൽ ഡിവൈ.എസ്.പി ടി. ബിജിജോർജ് ശുപാർശ ചെയ്തു.
പണം സി.ബി.ഐ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കാൻ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടു. ഒടുവിൽ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് റസ്റ്റ്ഹൗസുകളിൽ സൗജന്യമായി താമസിക്കാമെന്ന് മുഖ്യമന്ത്രി ഉത്തരവിറക്കുകയായിരുന്നു.