തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സർക്കാർ ചട്ടങ്ങൾ പ്രകാരം പരീക്ഷയും അഭിമുഖവും നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും പി.എസ്.സി വ്യക്തമാക്കി.
100 മാർക്ക് വീതമുള്ള രണ്ട് വിവരണാത്മക പരീക്ഷകളാണ് നടത്തിയത്. അഭിമുഖം 40 മാർക്കിലായിരുന്നു. സോഷ്യൽ സർവീസ്, വികേന്ദ്രീകരണ ആസൂത്രണം, പ്ലാൻ കോർഡിനേഷൻ എന്നീ മൂന്നു വിഭാഗങ്ങളിലെ ചീഫിനെയാണ് തിരഞ്ഞെടുത്തത്.എഴുത്തുപരീക്ഷയ്ക്ക് 91.75 മാർക്ക് വാങ്ങി ഒന്നാമതെത്തിയ വ്യക്തി റാങ്ക് ലിസ്റ്റിൽ പിന്നിലായെന്നും 52.50 മാർക്ക് എഴുത്തുപരീക്ഷയ്ക്ക് വാങ്ങിയ വ്യക്തി റാങ്ക് ലിസ്റ്റിൽ ഒന്നാമതായെന്നുമുള്ള റിപ്പോർട്ട് വാസ്തവ വിരുദ്ധമാണ്. ചീഫ് (സോഷ്യൽ സർവീസ്) എഴുത്തുപരീക്ഷയ്ക്ക് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തിക്ക് 89.75 മാർക്കാണ് ലഭിച്ചത്. 52.50 അല്ല. പരീക്ഷയ്ക്ക് ഒന്നാമതെത്തിയ വ്യക്തിയേക്കാൾ രണ്ട് മാർക്കിന്റെ കുറവ് മാത്രം. ചീഫ് (പ്ലാൻ കോർഡിനേഷൻ) ഒന്നാം റാങ്ക് കിട്ടിയ വ്യക്തിക്കാണ് എഴുത്തുപരീക്ഷയ്ക്ക് 52.50 മാർക്ക് ലഭിച്ചത്. ഈ വ്യക്തിക്ക് അഭിമുഖത്തിന് 36 മാർക്കും ലഭിച്ചു. ഇതേ റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് കിട്ടിയ വ്യക്തിക്ക് എഴുത്തുപരീക്ഷയ്ക്ക് 59.25 മാർക്കും അഭിമുഖത്തിന് 28 മാർക്കും ആണ് ലഭിച്ചത്.
പി.എസ്.സിയുടെ
വിശദീകരണം
ഇന്റർവ്യൂ മാർക്കിന് എഴുത്തുപരീക്ഷയിലെ പ്രകടനവുമായി ഒരു ബന്ധവും പാടില്ലെന്ന വ്യവസ്ഥയാണ് പി.എസ്.സി പാലിക്കുന്നത്. സീൽ ചെയ്ത കവറിൽ രഹസ്യമായി സൂക്ഷിക്കുന്ന എഴുത്തുപരീക്ഷയുടെ മാർക്കും ഇന്റർവ്യൂവിന്റെ മാർക്കും പ്രസിദ്ധീകരിക്കുന്നത് അന്തിമപട്ടികയിൽ മാത്രമാണ്.
പി.എസ്.സി ചെയർമാന്റെ അദ്ധ്യക്ഷതയിൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ഉയർന്ന അക്കാഡമിക് യോഗ്യതയുളള മൂന്ന് പി.എസ്.സി അംഗങ്ങളും ദേശീയതലത്തിൽ പ്രശസ്തരായ വിദഗ്ദ്ധരും അടങ്ങിയ ബോർഡാണ് അഭിമുഖം നടത്തിയത്. ചീഫിന്റെ വിശേഷാൽ ചട്ടങ്ങളിൽ അടിസ്ഥാന യോഗ്യതയ്ക്ക് പുറമെ സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളിൽ ഗവേഷണ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിലുളള അനുഭവജ്ഞാനം ഉളളവർക്കും പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന നൽകും. ഈ യോഗ്യതയാണ് 30 മിനിറ്റുള്ള അഭിമുഖത്തിൽ വിലയിരുത്തുന്നത്. റാങ്ക്ലിസ്റ്റിൽ ഒന്നാമതെത്തിയവരുടെ ചട്ടപ്രകാരമുളള അനുഭവപരിചയം പരിശോധിച്ചാൽ യോഗ്യതയുളളവരെ മാത്രമേ തിരഞ്ഞെടുത്തിട്ടുളളൂ എന്ന് വ്യക്തമാകും.
ഇന്റർവ്യൂവിന് 70% മാർക്ക് മാത്രമേ നൽകാവൂ എന്ന കീഴ് വഴക്കം ഉയർന്ന തസ്തികകൾക്ക് ബാധകമല്ല. യു.പി.എസ്.സി 80% ന് മേൽ മാർക്ക് കൊടുക്കുന്നുണ്ട്.