ആറ്റിങ്ങൽ: പ്രഖ്യാപനങ്ങൾക്കൊടുവിൽ മാമത്തെ നാളികേര കോംപ്ലക്‌സ് പ്രവർത്തന സജ്ജമാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം പാതിവഴിയിൽ. കോംപ്ലക്‌സ് ജനുവരിയിൽ തുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നടപടികൾ ഇതുവരെയും തുടങ്ങിയിട്ടില്ല. വെളിച്ചെണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട കരാർ നടപടികൾ പൂർത്തിയാകാൻ വൈകുന്നതാണ് കോംപ്ലക്‌സ് തുറക്കുന്നതിന് തടസമായിട്ടുള്ളത്. വിർജിൻ കോക്കനട്ട് ഓയിലിന്റെ ഉത്പാദനം നടത്തുന്ന യൂണിറ്റുകൾ പ്രവർത്തിപ്പിച്ചുകൊണ്ട് കോംപ്ലക്‌സ് പ്രവർത്തന ക്ഷമമാക്കുമെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. കേരളകൗമുദി നൽകിയ വാർത്തകളെത്തുടർന്ന് ബി. സത്യൻ എം.എൽ.എ ഇടപെട്ടാണ് കോംപ്ലക്‌സ് വീണ്ടും പ്രവർത്തന സജ്ജമാക്കാൻ തീരുമാനമെടുത്തത്.
ഉയർച്ചയിൽ നിന്നു താഴ്ചയിലേക്ക്
1979 പ്രവർത്തനം ആരംഭിച്ചു (നാളികേര സംഭരണവും കൊപ്ര ആട്ടി
വില്പനയും എണ്ണ കയറ്റി അയയ്‌ക്കൽ എന്നിവ തകൃതിയായി നടന്നു)
1983 പ്രവർത്തനത്തിൽ മികച്ച മുന്നേറ്റം
1989 - കേരഫെഡിന് കൂലിക്ക് കൊപ്ര
ആട്ടുന്ന തരത്തിലേക്ക് പ്രവർത്തനം താഴ്ന്നു
1992 - നഷ്ടം കാരണം പ്രവർത്തനം നിറുത്തിവച്ചു
2010 - വെർജിൻ കോക്കനട്ട് ഓയിൽ യൂണിറ്റ് ഉദ്ഘാടനം
2014 പച്ചത്തേങ്ങ സംഭരണയൂണിറ്റ് തുടങ്ങി
നീളുന്ന തിരിച്ചുവരവ്
പ്രവർത്തന മികവിൽ ആറ്റിങ്ങലിന്റെ അഭിമാനമായിരുന്ന സ്ഥാപനമാണിത്. മാറി മാറി വന്ന സർക്കാരുകൾ നാളികേര കോംപ്ലക്സിനെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ബി. സത്യൻ എം.എൽ.എ ഇക്കാര്യം മന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോംപ്ലക്‌സ് തുറക്കുന്നതിന്റെ പ്രയോഗികവശങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോംപ്ലക്‌സിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനും നഗരസഭയിൽ കുടിശികയുളള നികുതിയൊടുക്കുന്നതിനും ആറ് മാസത്തെ സാവകാശം ലഭിച്ചു. എന്നാൽ നടപടികൾ പൂർത്തിയാകാത്തതിനാൽ പ്രവർത്തനം തുടങ്ങുന്നത് നീളുകയാണ്. നിലവിൽ വെളിച്ചെണ്ണ വിപണനകേന്ദ്രം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.