തിരുവനന്തപുരം: ശബരിമലയെയും ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളെയും പതിനൊന്ന് സുരക്ഷാമേഖലകളാക്കി തിരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇലവുങ്കൽ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുല്ലുമേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നിവയാണ് പ്രത്യേക സുരക്ഷാ മേഖലകൾ. ഈ പ്രദേശങ്ങളും പാതകളുടെ ഇരുവശത്തെയും ഓരോ കിലോമീറ്റർ സ്ഥലവും കൂടി ഇതിൽ ഉൾപ്പെടും.ക്ഷേത്രത്തിന്റെയും തീർത്ഥാടകരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശുപാർശ പ്രകാരമാണ് നടപടി.
. ശബരിമലയ്ക്കുള്ള തീവ്രവാദ ഭീഷണി, സാമൂഹ്യ വിരുദ്ധരുടെ സുരക്ഷാഭീഷണി എന്നിവ കണക്കിലെടുത്ത് പൊലീസ് ആക്ട് 83-ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം. ഇതോടെ ഈ പാതയിൽ ഏതുതരത്തിലുള്ള നടപടിക്കും മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പൊലീസിന് തീരുമാനമെടുക്കാം. നിരോധനാജ്ഞ പ്രഖ്യാപനം, കരുതൽ അറസ്റ്റ് എന്നിവയും എളുപ്പമാവും.