കോവളം: റോഡിലിരുന്നാലും വീട്ടിലിരുന്നാലും തെരുവ് നായ്ക്കളുടെ ആക്രമണമേൽക്കുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. പ്രശ്നം അത്രത്തോളമായിട്ടും ഇതൊന്നുമറിയാതെ ബന്ധപ്പെട്ട അധികാരികൾ സുഷുപ്തിയിലാണ്ടുകിടക്കുകയാണ്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വളർത്തുമൃഗങ്ങൾക്കും രക്ഷയില്ലാതായി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾ സൃഷ്ടിക്കുന്ന വാഹനാപകടങ്ങളും പതിവായതോടെ ഇരു ചക്രവാഹനയാത്രക്കാരും ഭീതിയിലാണ്. വീടുകൾക്കുള്ളിൽ ഇരുന്നവരും കാൽ നടയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും തീരത്ത് കാറ്റുകൊള്ളാൻ ഇരുന്നവരും കോവളത്തെത്തിയ വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. വീടുകളിൽ കയറി കുട്ടികളെയടക്കം കടിച്ച് പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കൂടാതെ വീടുകളിൽ വളർത്തുന്ന കോഴി, താറാവ്, ആട്, മാട് തുടങ്ങിയവയെ ആക്രമിക്കുന്നതും കൂടിവരുന്നു. രാത്രികാലത്ത് സംഘമായെത്തുന്ന നായ്ക്കൂട്ടം വളർത്തുന്ന പക്ഷികളുടെ കൂട് പൊളിച്ചാണ് ഇവയെ കടിച്ച് കൊല്ലുന്നത്. നായ്ക്കളുടെ ശല്യം കുറയ്ക്കാൻ അലഞ്ഞു തിരിയുന്നവയെ പിടിക്കുന്ന ഏർപ്പാട് നിലച്ചതും തെരുവോരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം വലിച്ചറിയുന്നതും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമാണ്. ഇതോടൊപ്പം വന്ധ്യംകരണം നടത്തുന്ന പ്രക്രിയ യഥാവിധി നടക്കാത്തതും തിരിച്ചടിയാണ്. തെരുവ്നായ വർദ്ധിച്ചതോടെ ഇത് നിയന്ത്രിക്കാനും തെരുവിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനും റസിഡന്റ്സ് അസോസിയേഷനുകളും സ്വന്തം നിലയ്ക്ക് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരണം
-------------------------
വിദേശികൾ പലരും താമസിക്കുന്നത് ഉൾപ്രദേശങ്ങളിലാണ്. ബീച്ചിലെ ഹോട്ടലിൽ നിന്നു ഡിന്നർ കഴിഞ്ഞ് പോകും വഴിയാണ് നായ്ക്കളുടെ ആക്രമണം. ഇത് ടൂറിസത്തെ ബാധിക്കും. നഗരസഭ അധികൃതർ നടപടി സ്വീകരിക്കണം.-
പി. സുകേശൻ, സെക്രട്ടറി,
എസ്.എൻ.ഡി.പി യോഗം കോവളം ശാഖ