തിരുവനന്തപുരം: സിസ്റ്രർ അഭയ കൊലക്കേസിലെ നിർണ്ണായക തെളിവായ തൊണ്ടിമുതലുകൾ ക്രെെം ബ്രാഞ്ച് ഡിവെെ.എസ്.പിയായിരുന്ന സാമുവലിന്റെ ആവശ്യ പ്രകാരം സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്ര് കോടതിയിൽ നിന്ന് വാങ്ങിക്കൊണ്ടു പോയതായി സാക്ഷിയായ കോടതി ജീവനക്കാരൻ ദിവാകരൻ നായർ പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്രേഷനിലെ എ.എസ്.എെ സി.സി അഗസ്റ്റിനാണ് സിസ്റ്രർ അഭയയുടെ ശിരോവസ്ത്രം,ധരിച്ചിരുന്ന നെെറ്റി, അടിവസ്ത്രങ്ങൾ,ചെരുപ്പ് , വാട്ടർ ബോട്ടിൽ എന്നിവ അടങ്ങിയ എട്ട് തൊണ്ടി മുതലുകളുടെ ലിസ്റ്ര് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഇവ തുടർന്നുളള അന്വേഷണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് കെ.സാമുവൽ മജിസ്ട്രേറ്റ് എസ്.ജി.കെ .കിഷോറിന് കത്ത് നൽകി. സാമുവലിന്റെ അപേക്ഷ പരിഗണിച്ച മജിസ്ട്രേറ്റ് തൊണ്ടിമുതലുകൾ വിട്ടുനൽകാൻ നിർദ്ദേശിച്ചെന്നും സാക്ഷി കോടതിയെ അറിയിച്ചു. പിന്നീട് ക്രെെം ബ്രാഞ്ച് അഭയയുടെ ഡയറി മാത്രം കോടതിയിൽ ഹാജരാക്കി. ആദ്യം കൊണ്ടു പോയ തൊണ്ടിമുതലുകൾ മടക്കിനൽകിയതായി രേഖകളില്ലെന്നും സാക്ഷി മൊഴി നൽകി.
കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ വാങ്ങിയ ക്രെെം ബ്രാഞ്ച് അവ നശിപ്പിച്ച് കേസ് അട്ടിമറിച്ചെന്നാണ് സി.ബി.എെയുടെ കേസ്. തെളിവ് നശിപ്പിച്ച കുറ്റത്തിന് മരണ ശേഷം കെ.സാമുവലിനെ സി.ബി.എെ പ്രതിയാക്കി കോടതിയിൽ കുറ്രപത്രം നൽകിയിരുന്നു.