തിരുവനന്തപുരം: ശിഷ്യ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും അദ്ധ്യാപകവൃത്തിയാണ് ഏറ്റവും മഹത്തരമായ ജോലിയെന്നും നടനും അദ്ധ്യാപകനുമായ ജഗദീഷ് പറഞ്ഞു. എം.ജി കോളേജിൽ 1979 - 82 ബി.കോം ബാച്ചിന്റെ 'നാലുപതിറ്റാണ്ടിന്റെ നിറവിൽ' എന്ന പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പഠിപ്പിച്ച കുട്ടികൾ തന്നേക്കാൾ വലിയവരാകുമ്പോഴാണ് ഒരദ്ധ്യാപകൻ ഏറ്റവുമധികം സന്തോഷിക്കുന്നതെന്നും അതാണ് ഒരു ശിഷ്യന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഗദീഷിന്റെ ശിഷ്യനും എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ലോക മലയാളി കൗൺസിലിന്റെ അമരക്കാരനുമായ ഡോ. എ.വി അനൂപിനെ ചടങ്ങിൽ ആദരിച്ചു. അനൂപിന്റെ വിവിധ മേഖലകളിലെ പ്രവർത്തനത്തിനും അദ്ദേഹം നിർമ്മിച്ച വിശ്വഗുരു എന്ന സിനിമ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോഡിസിൽ ഇടം നേടിയതിനുമായിരുന്നു ആദരവ്.ദേശീയ ബാലശ്രീ പുരസ്കാരം നേടിയ മധുരിമയേയും അബാക്കസ് അന്തർദേശീയ പുരസ്കാരം നേടിയ പാർവതിയേയും ചടങ്ങിൽ അനുമോദിച്ചു. സ്റ്റാച്യു റസിഡൻസി ടവറിൽ നടന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.