തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള സംവരണം കോളേജ് തലത്തിലാക്കി ചുരുക്കാനുള്ള സർക്കാരിന്റെ തിരക്കിട്ട നീക്കത്തിൽ പ്രതിഷേധം ശക്തം.
പട്ടികജാതി, വർഗ്ഗ വകുപ്പിന്റെ ശുപാർശയോടെ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഈ നീക്കം നടത്തുന്നത്. ഇതോടെ സംവരണ വിഭാഗം വിദ്യാർത്ഥികൾക്ക് മെരിറ്റ് അടിസ്ഥാനത്തിൽ മെച്ചപ്പെട്ട മറ്റു കോളേജുകളിലേക്ക് മാറാനുള്ള അവസരം ഇല്ലാതാകും.ഈഴവ, മുസ്ലീം വിഭാഗക്കാരെയാവും ഇത് കൂടുതൽ ദോഷകരമായി ബാധിക്കുക.
നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരം രണ്ടുപതിറ്റാണ്ടു മുൻപ് നടപ്പാക്കിയ 'ഫ്ലോട്ടിംഗ് സംവരണം' അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എം.ഇ.എസ് രംഗത്തെത്തി. ഇപ്പോഴത്തെ സംവരണ രീതിയിൽ മാറ്റ വരുത്തുന്നതിനെതിരെ സമരം നടത്തുമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ കേരളകൗമുദിയോട് പറഞ്ഞു.
സംസ്ഥാന മെരിറ്റിൽ പ്രവേശനം ലഭിക്കുന്ന സംവരണ ആനുകൂല്യമുള്ള വിദ്യാർത്ഥിക്ക് കൂടുതൽ മികച്ച കോളേജിലെ സംവരണ സീറ്റിലേക്ക് മാറാൻ നിലവിൽ സാധിക്കും. മികച്ച കോളജിൽ ഈ വിദ്യാർഥിക്ക് പ്രവേശനം നൽകുന്ന സംവരണ സീറ്റ് , വിദ്യാർഥി ആദ്യം സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം നേടിയ കോളജിലേക്ക് മാറും. പകരം പ്രവേശനം നേടിയ മെറിറ്റ് സീറ്റ് സഹിതം വിദ്യാർഥിയെ മെച്ചപ്പെട്ട കോളജിലേക്ക് മാറ്റും. ഇതാണ് ഫ്ലോട്ടിംഗ് സംവരണ രീതി. ഉദാഹരണമായി കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ പഠനം ആഗ്രഹിക്കുന്ന സംവരണ വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സ്റ്റേറ്റ് മെറിറ്റിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലാണ് പ്രവേശനം ലഭിച്ചതെന്നിരിക്കട്ടെ. കോഴിക്കോട് മെഡി.കോളേജിൽ സംവരണ സീറ്റ് ലഭിക്കുമെങ്കിൽ അവിടേക്ക് മാറാൻ നിലവിൽ അവസരമുണ്ട്. ഇങ്ങനെ മാറുമ്പോൾ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ വിദ്യാർത്ഥിക്ക് പ്രവേശനം ലഭിക്കുന്ന സംവരണ സീറ്റ് ആലപ്പുഴയിലേക്ക് മാറ്റി നൽകും. പകരം ആലപ്പുഴയിലെ മെറിറ്റ് സീറ്റ് വിദ്യാർത്ഥിക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി നൽകും. സംവരണ സീറ്രിൽ ഹയർ ഓപ്ഷന് വിദ്യാർത്ഥികൾക്ക് നിലവിലുള്ള അവകാശമാണ് ഇല്ലാതാവുന്നത്.
കഴിഞ്ഞ വർഷവും ഫ്ലോട്ടിംഗ് സംവരണം ഇല്ലാതാക്കാൻ ശ്രമം നടത്തിയെങ്കിലും എതിർപ്പുയർന്നതോടെ പിൻവാങ്ങുകയായിരുന്നു. ഫ്ലോട്ടിംഗ് സംവരണം കാരണം വയനാട്, ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജുകളിൽ മഹാഭൂരിഭാഗവും പിന്നാക്ക വിദ്യാർഥികൾ മാത്രമായി മാറുന്നുവെന്ന പട്ടികജാതി വികസന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണം കോളജ് അടിസ്ഥാനത്തിലാക്കാനുള്ള നീക്കം. സംവരണത്തിൽ യാതൊരു കുറവും വരാതെ പിന്നാക്ക, പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് മികച്ച കോളേജിലേക്ക് മാറാനുള്ള അവസരം ഇല്ലാതാക്കാനാണ് നീക്കം.
'ഫ്ലോട്ടിംഗ് സംവരണക്കാര്യം വിശദമായി പഠിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൻട്രൻസ് കമ്മിഷണറേറ്റിൽ നിന്ന് പ്രവേശനത്തിന്റെ വിവരങ്ങൾ ശേഖരിച്ചാവും പഠനം. മെഡിക്കൽ പ്രവേശനത്തിൽ ഇത് പ്രശ്‌നമുണ്ടാക്കുന്നെന്നാണ് വിലയിരുത്തൽ. ഫ്ലോട്ടിംഗ് സംവരണം നിറുത്തലാക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
-ഉന്നത വിദ്യാഭ്യാസ
മന്ത്രിയുടെ ഓഫീസ്
''ഇപ്പോഴത്തെ സംവരണ രീതി ശാസ്ത്രീയമാണ്. ഇതിൽ വെള്ളം ചേർക്കരുത്. ജനറൽ മെരിറ്റിൽ പിന്നാക്കക്കാർ മുന്നാക്ക വിഭാഗങ്ങൾക്ക് ഒപ്പമെത്തുമ്പോൾ മാറ്റം ആലോചിക്കാം.''
-ഡോ.ഫസൽ ഗഫൂർ
പ്രസിഡന്റ്, എം.ഇ.എസ്