കിളിമാനൂർ: ഇറച്ചിക്കോഴികളുമായി വന്ന പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച് വാഹനവും കോഴികളുമായി കടന്ന സംഘത്തെ കിളിമാനൂർ പൊലീസ് പിടികൂടി. നിരവധി കവർച്ചാക്കേസുകളിലും ഗുണ്ടാ ആക്രമക്കേസുകളിലും പ്രതിയായ തൊളിക്കോട് ഷാജി എന്ന തൊളിക്കോട് പതിനെട്ടാംകല്ല് സുൽഫത്ത് മൻസിലിൽ ഷാജി (48), പുല്ലമ്പാറ സഫീനാമൻസിലിൽ സഫീർഖാൻ (25), ഇരപ്പിൽ, തടത്തരികത്ത് വീട്ടിൽ അഭിലാഷ് (29), കരിമ്പുവിള താഴത്തുവീട്ടിൽ മനീഷ് കുമാർ (27), പുല്ലമ്പാറ ഓലിക്കര മൂലയിൽ ഷിബു (36), ഓലിക്കര കുന്നുംപുറത്ത് വീട്ടിൽ സുബിൻ (26), വാമനപുരം എലിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അജേഷ് (28) എന്നിവരെയാണ് കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് കിളിമാനൂർ കാരേറ്റ് പെട്രോൾ പമ്പിന് സമീപം അറഫാ പൗൾട്രിഫാമിലേക്ക് കോഴികളെ കൊണ്ടുവന്ന പിക്കപ്പ് ഡ്രൈവർ ലിജുവിനെ ആക്രമിച്ച് പരിക്കേല്പിച്ച് സംഘം വാഹനം തട്ടിയെടുത്തത്. 29 പെട്ടികളിലായി ഏകദേശം നാനൂറോളം ഇറച്ചിക്കോഴികളും വാഹനത്തിലുണ്ടായിരുന്നു. ചെങ്കിക്കുന്ന് സ്വദേശി അനൂപിന്റെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ് വാഹനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൊളിക്കോട് ഷാജിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം രണ്ടുകാറുകളിലെത്തി വാഹനം തടഞ്ഞാണ് ആക്രമണം നടത്തിയത്. വാഹന ഉടമയുടെ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതികൾ കടത്തിക്കൊണ്ടുപോയ വാഹനവും കോഴികളും പുല്ലമ്പാറയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെടുത്തി. പിടിയിലായവർ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ എസ്.ഐ അഷറഫ്, എ.എസ്.ഐ സുരേഷ് കുമാർ, രാജശേഖരൻ, ഷാജി, മനോജ്, ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.