നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫേസ്ബുക്ക് ഫോളോവേഴ്സിൽ നിന്നുമായി ഒരു ദിവസം ഒരാളെങ്കിലും വിദേശ പഠനത്തെക്കുറിച്ച് അറിയാനായി എന്നെ സമീപിക്കാറുണ്ട്. സാധിക്കുന്നത് പോലെ അവർക്ക് വേണ്ടത്ര ഉപദേശങ്ങൾ നൽകാറുമുണ്ട്. എന്നാൽ അടുത്തിടെ പുതിയൊരു ട്രെൻഡായി 'വിദേശപഠന കൺസൽട്ടന്റ് " എന്ന പേരിൽ അനവധി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങി, വലിയ തോതിൽ പരസ്യങ്ങൾ നൽകുന്നു. അവർ വിദേശ പഠന മേളകൾ നടത്തി സ്പോട്ട് അഡ്മിഷൻ നൽകുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർ പോലും വിദേശപഠനത്തിനായി പുറപ്പെടുന്നു.
ഇന്ത്യക്ക് പുറത്ത് നമ്മുടെ കുട്ടികൾ പഠിക്കാൻ പോകുന്നതിനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ വിദേശത്ത് ഉപരിപഠന സാധ്യതകൾ പരിശോധിക്കുമ്പോൾ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം, വിഷയം, ഭാഷ, തൊഴിൽ സാദ്ധ്യത, ചെലവ്, കാലാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും സംഭവിക്കുന്നില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും എനിക്ക് വിദേശത്ത് പഠിക്കുന്ന കുട്ടികളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ ദയനീയമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 'സാർ, എന്റെ മകൻ ഏജന്റ് വഴി വിദേശത്ത് പോയി. ഇരുപത് ലക്ഷത്തിന്റെ ബാങ്ക് വായ്പയുണ്ട്. അവിടെ ജോലി കിട്ടുന്നില്ല, തിരിച്ചു വരേണ്ടി വരും, ലോൺ തിരിച്ചടയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, കിടപ്പാടം പോകും' എന്നു തുടങ്ങി 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, സാറിന് എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കാൻ പറ്റുമോ" എന്നിങ്ങനെയാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
ആളുകളുടെ തൊഴിലന്വേഷണത്തിന് ഉപകാരമായ നിർദ്ദേശങ്ങൾ നൽകുക എന്നതല്ലാതെ വ്യക്തിപരമായി ആളുകൾക്ക് തൊഴിൽ അന്വേഷിച്ചു കൊടുക്കുക എന്റെ രീതിയല്ല, അത് വ്യാപകമായി സാധ്യമല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ആളുകൾ ഇത്തരത്തിലുള്ള ട്രാപ്പിൽ വീഴാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക എന്നത് മാത്രമാണ് എനിക്ക് നൽകാൻ കഴിയുന്ന സഹായം. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. സൈക്കോളജിസ്റ്റും കരിയർ പ്ലാനറും ആയ നീരജ ജാനകി ഈ വിഷയത്തിൽ ഗവേഷണം നടത്താനും എഴുതാനും എന്നെ സഹായിക്കുന്നുണ്ട്. വിദേശപഠനത്തിനായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ആദ്യം പറയാം.
എന്തുകൊണ്ട് വിദേശ പഠനം ?
ആദ്യമായി ഈ ചോദ്യം സ്വയം ചോദിച്ച് ആത്മാർത്ഥമായ ഉത്തരം കണ്ടെത്തണം. ഇന്ത്യയിൽ സ്വന്തമായി ശതകോടികളുടെ ബിസിനസ് ഉള്ളവരുടെ മക്കൾ ഒഴിച്ചാൽ മറ്റ് മിക്ക കുട്ടികളും വാസ്തവത്തിൽ ആഗ്രഹിക്കുന്നത് വിദേശത്ത് ഒരു ജോലിയാണ്. വിദേശപഠനം അതിലേക്കുള്ള ഒരു മാർഗ്ഗം മാത്രമാണ്. പക്ഷേ ഇക്കാര്യം ചിന്തിക്കാതെ 'ഏത് കോഴ്സ് ആണ് നല്ലത്?" എന്ന ചോദ്യവുമായി അവർ ഉപദേശം തേടും. അത് കുഴപ്പത്തിലേക്ക് നയിക്കും. കാരണം വിദേശ പഠനം എന്നാൽ വിദേശ ജോലി എന്നല്ല അർത്ഥം. ഉദാഹരണത്തിന് സുസ്ഥിരവികസനത്തെക്കുറിച്ച് ഏറ്റവും നല്ല കോഴ്സ് ഉള്ളത് സ്വീഡനിൽ ആയിരിക്കാം. എന്നാൽ പഠനം കഴിഞ്ഞാൽ അവിടെ ജോലി കിട്ടാനുള്ള സാധ്യത ഉണ്ടായി എന്ന് വരില്ല. സ്വീഡനിൽ പഠിച്ചതുകൊണ്ട് തൊഴിൽ സാധ്യതയുള്ള മറ്റു വികസിത രാജ്യങ്ങളിൽ ജോലിയിലേക്ക് എത്താൻ അനവധി കടമ്പകളുണ്ട്. ജോലിയാണ് പ്രധാനമെങ്കിൽ ആ വിഷയത്തിൽ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയല്ല തിരഞ്ഞെടുക്കേണ്ടത്, ഒരു പക്ഷേ ആ വിഷയം തന്നെ ആവണമെന്നില്ല. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത് ജോലിയാണോ പഠനമാണോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നിങ്ങളിൽ നിന്നും തന്നെ കിട്ടിയാൽ അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം.
എത്ര പണം മുടക്കാൻ തയ്യാറാണ്?
വിദേശത്തുപോയി പഠിക്കുക എന്നത് ചെലവേറിയ കാര്യമാണ്. യാത്രാ ചെലവ്, താമസ ചെലവ്, ഭക്ഷണം, ഇൻഷ്വറൻസ്, യൂണിവേഴ്സിറ്റിയിലെ ഫീസ് ഇതെല്ലാം തന്നെ പൊതുവിൽ ഇന്ത്യയിലേക്കാൾ വളരെ കൂടുതലാണ്. ലോകത്ത് ഏറ്റവുമധികം വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനമായ അമേരിക്കയിൽ ഒരു ഡിഗ്രി കോഴ്സ് പഠിക്കാൻ ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും നിലവിൽ ചെലവ് പ്രതീക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് വിഷയമനുസരിച്ച് ഇതിൽ കുറവുണ്ടാവാം. ട്യൂഷൻ ഫീസ് കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും ജീവിതച്ചെലവ് വളരെ കൂടുതലാണെന്നോർക്കണം. വിദേശത്തു പഠിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ മാതാപിതാക്കളുമായി ചർച്ചചെയ്ത് നിങ്ങളുടെ സാമ്പത്തികസ്ഥിതി പൂർണമായി വിലയിരുത്തേണ്ടതാണ്. അതിനാവശ്യമായ സാമ്പത്തിക സ്രോതസിനെക്കുറിച്ചും തീരുമാനത്തിലെത്തേണ്ടതുണ്ട്. വിദേശപഠനത്തിന് വേണ്ടി എത്ര പണം ചെലവാക്കാം എന്നത് ഓരോരുത്തരുടേയും സാമ്പത്തിക നില അനുസരിച്ചിരിക്കും.
ഇതിനായി ഞാൻ ആളുകൾക്ക് നൽകുന്ന ഉപദേശം ഇതാണ്. നിങ്ങൾ വിദേശത്ത് പഠിച്ച ശേഷം ജോലികിട്ടാതെ തിരികെ വന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ റിട്ടയർമെന്റ് പ്ലാൻ കുഴപ്പത്തിലാകാത്ത സാഹചര്യമാണുള്ളതെങ്കിൽ ആ ചെലവുകൾ ന്യായമാണ്. ഒരേക്കർ സ്ഥലമുണ്ടെങ്കിൽ അതിൽ പകുതി വിറ്റ് പുറത്തുപോയി പഠിക്കുന്നതിൽ ഒരു തെറ്റുമില്ല. മകളുടെ കല്യാണം നാലായിരം പേരെ വിളിച്ചു നടത്താൻ പ്ലാനുണ്ടെങ്കിൽ ആ പണം ആ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നതിൽ ഒട്ടും വിഷമിക്കേണ്ട. എന്നാൽ അച്ഛനോ അമ്മയോ പെൻഷനായപ്പോൾ കിട്ടിയ തുക വിദേശപഠനത്തിനായി ചെലവാക്കുന്നത് വലിയ റിസ്ക്ക് ഉള്ള പണിയാണ്. ഇക്കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം.
സ്കൂൾ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദ തലം?
ആളുകൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം കുട്ടികളെ പഠനത്തിനായി എപ്പോൾ വിദേശത്തേക്ക് അയയ്ക്കണം എന്നതാണ്. ഇതിനുള്ള ഉത്തരം വിദ്യാർത്ഥിയുടെ വൈകാരിക ബുദ്ധിയെയും (ഇമോഷണൽ ഇന്റലിജൻസ്) കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെയും ആശ്രയിച്ചിരിക്കുന്നു. പൊതുവേ, കുട്ടികളെ സ്കൂൾ തലത്തിൽ പഠനത്തിനായി വിദേശത്തേക്ക് വിടുന്നതിനോട് എനിക്ക് യോജിപ്പില്ല. വൈകാരികമായി കുട്ടികൾ അതിനു തയ്യാറല്ല എന്നുള്ളതുതന്നെയാണ് കാരണം. വിദേശ രാജ്യങ്ങളിൽ പലയിടത്തും അദ്ധ്യാപകരുടെ മേൽനോട്ടത്തിലുള്ള ഹോസ്റ്റലുകൾ ഉണ്ടായെന്ന് വരില്ല. വിദ്യാർത്ഥികൾ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലാത്തവരും, സെൽഫ് ഡിസിപ്ലിൻ കുറവുള്ളവരും, തങ്ങൾക്ക് കിട്ടാൻ പോകുന്ന അതിയായ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ധാരണയില്ലാത്തവരുമാണെങ്കിൽ ഫലം വിപരീതമായിരിക്കും. കേരളത്തിന് പുറത്ത് വളർന്ന കുട്ടികൾ, പെൺകുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ കാര്യത്തിൽ ഡിഗ്രി തലത്തിൽതന്നെ വിദേശത്ത് പോകുന്നത് കൂടുതൽ ഗുണകരമാണ്. അന്തർദ്ദേശീയ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്ന പെൺകുട്ടികൾ, ആൺകുട്ടികളെക്കാൾ മുൻപന്തിയിലെത്തുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. കാരണം ഇന്ത്യയിൽ അവർക്ക് ചിന്തിക്കുന്നതിനും സ്വപ്നം കാണുന്നതിനും സമൂഹം പലപ്പോഴും പരിധികൾ നിശ്ചയിക്കുന്നു. ഭിന്നശേഷിയുള്ളവർക്ക് പാശ്ചാത്യലോകത്ത് കൂടുതൽ ചലന സ്വാതന്ത്ര്യവും പരിഗണനയും സാദ്ധ്യതകളും ഉണ്ടായിരിക്കും. ഇതിലൂടെ കൂടുതൽ സ്വതന്ത്രരാവാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും കൈവരും. ഡിഗ്രി കഴിഞ്ഞുള്ള സമയത്ത് നമ്മുടെ കുട്ടികൾ പൂർണമായും വിദേശപഠനത്തിന് തയാറാണ്. അതിനാലാണ് ഈ പ്രായത്തിൽ ഞാൻ അവരെ പരമാവധി പ്രമോട്ട് ചെയ്യുന്നത്.
ഏതു രാജ്യം തിരഞ്ഞെടുക്കണം?
ഭൂരിഭാഗം ഇന്ത്യക്കാരും യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കും, ഈയടുത്ത കാലത്തായി ജർമനിയിലേക്കും നോർഡിക് രാജ്യങ്ങളിലേക്കും ഉപരിപഠനത്തിനായി പോകുമ്പോൾ, കുറഞ്ഞത് 25 രാജ്യങ്ങളിലായെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നിങ്ങൾ ഏതു രാജ്യം തിരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യ രണ്ടു ചോദ്യങ്ങളുടെ ഉത്തരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതായത് എന്തുകൊണ്ട് വിദേശത്ത് പഠിക്കണം, അതിനായി എത്ര പണം ചെലവാക്കാൻ സാധിക്കും എന്നീ രണ്ടു ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്. സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് (ചെലവോ പെട്ടെന്നുള്ള ജോലിസാധ്യതയോ പ്രശ്നമല്ലാത്ത പക്ഷം) വളരെ വിശാലമായ സാദ്ധ്യതകൾ ഇവിടെയുണ്ട്.
പോകാനുദ്ദേശിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ആളോഹരി വരുമാനവും എത്രത്തോളം വലുതാണ്? പഠനശേഷം എത്രനാൾ നിങ്ങൾക്ക് ജോലി അന്വേഷിച്ച് അവിടെ തുടരാൻ കഴിയും? എന്നീ കാര്യങ്ങൾ വളരെ പ്രധാനമാണ്. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്രത്തോളം വലുതാണോ അതനുസരിച്ചുള്ള ജോലിസാദ്ധ്യതകൾ അവിടെയുണ്ടാകും. ആളോഹരി വരുമാനം കൂടിയ രാജ്യങ്ങളാണ് ജോലി കിട്ടിയാൽ കൂടുതൽ ഗുണകരമായത്. പഠനശേഷം ആ രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് അനുമതിയില്ലെങ്കിൽ പിന്നെ രാജ്യം സമ്പന്നമാണ് എന്നതുകൊണ്ട് നിങ്ങൾക്ക് ഗുണമൊന്നുമില്ലല്ലോ.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ പോകാനുദ്ദേശിക്കുന്ന പ്രദേശത്തെ കാലാവസ്ഥയാണ്. കാനഡ, ഫിൻലൻഡ്, സ്വീഡൻ, ഡെന്മാർക്ക്, നോർവേ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വളരെ കുറഞ്ഞ താപനിലയാണുള്ളത്. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ ചിത്രങ്ങളിൽ കാണാൻ മനോഹരമാണെങ്കിലും നേരിട്ടറിയുമ്പോൾ ഇത്തരം എക്സ്ട്രീം അവസ്ഥകൾ അത്ര സുഖകരമായിരിക്കില്ല. ഓരോ രാജ്യത്തെയും മെഡിക്കൽ സേവനങ്ങൾ വ്യത്യസ്തമാണ്. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇതും രാജ്യം തിരഞ്ഞെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കും. രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ ക്രൈം റേറ്റ്, ദുരന്ത സാദ്ധ്യതകൾ, വിദേശികളോടും സ്ത്രീകളോടുമുള്ള ആളുകളുടെ പെരുമാറ്റം ഇതൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
(തുടരും)