തിരുവനന്തപുരം: പി.എസ്.സി പിണറായി സർവീസ് കമ്മിഷൻ ആയി മാറിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ പി.എസ്.സി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് മാർച്ച് പി.എസ്.സി ഓഫീസിന് മുന്നിലെത്തിയത്. മാർച്ച് അഭിജിത്ത് ഉദ്ഘാടനം ചെയ്തശേഷം അഖിലേന്ത്യാ സെക്രട്ടറി നാഗേഷ് കരിയപ്പ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ച് തിരിച്ചെത്തി. പി.എസ്.സിചെയർമാനെ കണ്ടശേഷമേ തിരിച്ചു പോകൂവെന്ന നിലപാടിൽ അഭിജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് അഭിജിത്തിനേയും കൂട്ടരേയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘർഷത്തിനിടെ പൊലീസുകാരനും പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ എറിക് സ്റ്റീഫൻ, നബീൽ കല്ലമ്പലം, ജോബി സി ജോയി, ബാഹുൽകൃഷ്ണ, ആദർശ് ഭാർഗവൻ, മാത്യു കെ ജോൺ, അനൂപ് ഇത്തൻ, ഷബിൻ, ജില്ലാ ഭാരവാഹികളായ ശരത് ശൈലേശ്വരൻ, ഷുഹൈൽ, സജ്‌ന, ആസിഫ്, എസ് ശരത്, പ്രിയങ്ക തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.